നാളികേരത്തിന് റെക്കോഡ് വില
വിള കുറഞ്ഞു; വില കുതിച്ചു

കെ പി ഭാസ്കരൻ
Published on Mar 24, 2025, 12:24 AM | 1 min read
വണ്ടൂർ
വിപണിയിൽ തേങ്ങയുടെ വില കുതിച്ചുയരുന്നു. പച്ചത്തേങ്ങ കിലോയ്ക്ക് 60മുതൽ 62 രൂപവരെയെത്തി. അഞ്ച് വർഷത്തിനിടെ പരമാവധി വില കിലോയ്ക്ക് 30മുതൽ 35 രൂപവരെയായിരുന്നു. ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില ഇതിലും കൂടും. നാളികേരോൽപ്പന്നങ്ങൾക്കും വില വർധിച്ചു. നാളികേര ഉൽപ്പാദനം കുറഞ്ഞതാണ് വിലയുയരാൻ കാരണം. ചെറുകിട കർഷകർ വിഷുവരെ കാത്തുനിൽക്കാതെ തേങ്ങ വിളവെടുപ്പിന് നീക്കം തുടങ്ങി.
കൊപ്ര റെക്കോഡ് വിലയിലാണ്–- 16,250 രൂപ. സർക്കാർ പ്രഖ്യാപിച്ച താങ്ങുവില 11,582 രൂപയേക്കാൾ 4668 രൂപ ഉയർന്നാണ് വിപണനം. കഴിഞ്ഞ മാർച്ചിൽ കൊപ്ര 9500 രൂപയിലായിരുന്നു. ഒരുവർഷത്തിനിടെ 6750 രൂപ വർധിച്ചു. ഒരാഴ്‌ചയ്ക്കിടെ വെളിച്ചെണ്ണ ക്വിന്റലിന് 900 രൂപ വർധിച്ചതും കൊപ്രയാട്ട് വ്യവസായികളിൽനിന്നും പച്ചത്തേങ്ങയ്‌ക്ക് ആവശ്യമുയർന്നതും കാർഷികമേഖലയിൽ പ്രതീക്ഷയാണ്. കാലാവസ്ഥാ വ്യതിയാനം കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഉൽപ്പാദനത്തിലുണ്ടാക്കിയ ഇടിവ് വിലക്കയറ്റം ശക്തമാക്കി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വേനൽമഴ ലഭിക്കാത്തതാണ് വിളവ് കുറയാൻ കാരണമായതെന്ന് കർഷകർ പറയുന്നു. മലയോര മേഖലയിലും പൊതുവെ ഉൽപ്പാദനം കുറവാണ്. കുരങ്ങ്ശല്യവും പ്രതിസന്ധിയാണ്.
മികച്ച പരിചരണം വേണം
തെങ്ങിന് വളപ്രയോഗം നടത്തി 24 മാസം കഴിഞ്ഞാണ് പ്രയോജനം ലഭിക്കുക. അതിനാൽ വർഷവും നനയും വളപ്രയോഗവും നിർബന്ധം. ജൈവവളപ്രയോഗം നന്നായി നടത്തണം. നന്നായി പരിചരിച്ചാൽ മേത്തരം ഹൈബ്രിഡ് തെങ്ങിൽനിന്ന് 200 നാളികേരംവരെ ലഭിക്കും. നാടൻ ഇനങ്ങളിൽനിന്ന് 60-മുതൽ 100വരെയും.










0 comments