ad
Deshabhimani

കരിമ്പുഴയിൽ 
ഇഎസ്‌സെഡ്‌ ഭീഷണി

a

കരിമ്പുഴ വന്യജീവി സങ്കേതത്തിലെ കിഴക്കേ അറ്റത്തെ മുക്കുറുത്തി കൊടുമുടി

avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 12:07 AM | 1 min read

നിലമ്പൂർ

പശ്ചിമഘട്ടത്തിലെ ഇക്കോ സെൻസിറ്റീവ് സോൺ (ഇഎസ്‌സെഡ്‌) സംബന്ധിച്ച പുതിയ നീക്കങ്ങൾക്കിടെ കരിമ്പുഴ വന്യജീവിസങ്കേതത്തിന് പുറത്തേക്കും നിയന്ത്രണം വരുമെന്ന ആശങ്കയിൽ ജനങ്ങൾ. സംസ്ഥാനത്തെ വിവിധ വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ഇക്കോ സെൻസിറ്റീവ് സോൺ നിർണയിക്കുന്ന നടപടികൾ തുടരുന്നതിനിടെയാണ് കരിമ്പുഴയും ആശങ്കയുടെ കേന്ദ്രമാകുന്നത്. വന്യജീവിസങ്കേതത്തിന്റെ അതിർത്തിക്ക് പുറത്തേക്ക് ഇക്കോ സെൻസിറ്റീവ് സോൺ വരുമോ, എത്രത്തോളം വ്യാപിക്കും, ഏതൊക്കെ ജനവാസ മേഖലകൾ ഉൾപ്പെടും, വീടുകളും കൃഷിയിടങ്ങളും ഭാവി എന്താകും തുടങ്ങിയ ചോദ്യങ്ങളാണ് വനാതിർത്തിയിലെ ജനങ്ങളിൽ ഉയരുന്നത്. 227.97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കരിമ്പുഴ വന്യജീവിസങ്കേതത്തിനുസമീപം വീടുകളും കൃഷിയിടങ്ങളും ആദിവാസി ആവാസകേന്ദ്രങ്ങളുമുണ്ട്.

​​3 വില്ലേജുകളില്‍ ആശങ്ക

കരിമ്പുഴ വന്യജീവിസങ്കേതത്തോട് ചേർന്നുള്ള കരുളായി, മൂത്തേടം, അമരമ്പലം വില്ലേജുകളിലാണ് ഇഎസ്‌സെഡ്‌ സംബന്ധിച്ച ആശങ്ക കൂടുതലുള്ളത്. വനത്തോട് ചേർന്ന് വീടുകളും കൃഷിയിടങ്ങളും റോഡുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള ജനവാസ മേഖലയാണിത്. അതിർത്തി നിർണയിക്കുമ്പോൾ ജനവാസകേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ, ആദിവാസി ആവാസമേഖലകൾ, റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പ്രത്യേകം പരിഗണിക്കണമെന്ന ആവശ്യം ഉയരുകയാണ്.

​നിയന്ത്രണം എത്രത്തോളം?

ഇഎസ്‌സെഡ്‌ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ചില നിയന്ത്രണങ്ങൾ ഉറപ്പാണ്‌. വിവിധ ഇഎസ്‌സെഡ്‌ വിജ്ഞാപനങ്ങളിൽ നിർമാണം, വ്യവസായ പ്രവർത്തനങ്ങൾ, ഖനനം, മരമുറി, മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്‌ ഇവിടെയും ആവർത്തിച്ചാൽ തലമുറകളായി താമസിക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home