ക്ഷേമ പെൻഷൻ വിതരണം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ

രാത്രി വൈകിയും ക്ഷേമപെൻഷനായി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കാത്തുനിൽക്കുന്നവർ
സ്വന്തം ലേഖിക
Published on Jun 03, 2026, 01:10 AM | 1 min read
മലപ്പുറം
സർക്കാർ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം. പുൽപ്പറ്റ സർവീസ് സഹകരണ ബാങ്കാണ് പുൽപ്പറ്റ കാരപറമ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി പെൻഷൻ വിതരണംചെയ്‌തത്.
പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ബാങ്ക് ജീവനക്കാരൻ സി അക്‌ബർ, യൂത്ത് ലീഗ് പ്രവർത്തകൻ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. ചൊവ്വാഴ്‌ച രാവിലെ പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് എം മുഹമ്മദ് മൂസ വൈകിട്ട് പെൻഷൻ വിതരണം നടക്കുമെന്ന് വാട്‌സാപ്പിലൂടെ അറിയിച്ചു. സന്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വൈകിട്ടോടെ ഗുണഭോക്താക്കൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തുകയായിരുന്നു. പെൻഷൻ വാങ്ങാൻ ഓഫീസിനുമുന്നിൽ നീണ്ട നിരയായിരുന്നു. രാത്രി 8.30വരെ വിതരണം നടന്നു. വിതരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതോടെ ക്ഷേമ പെൻഷൻ വിതരണം താറുമാറായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ 10 വർഷം കൃത്യമായി വിതരണംചെയ്‌ത പെൻഷൻ മുടങ്ങുകയുംചെയ്‌തു.
യുഡിഎഫ് ഓഫീസിലെ പെൻഷൻ വിതരണം ജനാധിപത്യവിരുദ്ധം
സർക്കാർ നടപടിക്രമങ്ങൾ പാലിക്കാതെ പുൽപ്പറ്റ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ ക്ഷേമ പെൻഷൻ വിതരണം ജനാധിപത്യവിരുദ്ധമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്.
പുൽപ്പറ്റ സഹകരണ ബാങ്ക് പുൽപ്പറ്റ കാരപറമ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽവച്ച് ക്ഷേമ പെൻഷൻ വിതരണംചെയ്‌തത് ശരിയായ നടപടിയല്ല. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ എല്ലാവരും രാഷ്‌ട്രീയമുള്ളവരല്ല. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. എല്ലാ ഗുണഭോക്താക്കളെയും പരിഗണിച്ച് തികച്ചും ജനാധിപത്യപരമായി വിതരണംചെയ്യേണ്ട പെൻഷൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയത് തികച്ചും പ്രാകൃതമായ നിലപാടാണ്.
എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ പത്തുവർഷം കൃത്യമായി ജനാധിപത്യപരമായാണ് പെൻഷൻ വിതരണം നടത്തിയിരുന്നത്. എന്നാൽ, യുഡിഎഫ് ഭരണത്തിൽ എത്തിയപ്പോൾത്തന്നെ വിതരണം പ്രതിസന്ധിയിലായി.
ഇപ്പോൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നുംപടി വിതരണംചെയ്യുന്നു. ഇതെല്ലാം യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് വ്യക്തമാക്കുന്നതെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.
പുൽപ്പറ്റ കാരപറമ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പെൻഷൻ വിതരണംചെയ്യുന്നു








0 comments