ഇൗ സ്‌നേഹസദ്യക്ക് ഇരട്ടിമധുരം

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ ഒരുക്കിയ ഓണസദ്യ സംസ്ഥാന വൈസ് പ്രസിഡന്റ് പി ഷബീർ വിതരണംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 25, 2026, 12:48 AM | 1 min read
മഞ്ചേരി
രോഗവും പ്രയാസങ്ങളും മറന്ന് ആശ്വാസം പടർന്ന അന്തരീക്ഷത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ സ്‌നേഹസദ്യ. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ‘ഹൃദയപൂർവം' പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായാണ് ആശുപത്രിയിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്.
പടിഞ്ഞാറെ ചാത്തല്ലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സദ്യ തയ്യാറാക്കിയത്. പായസം, പപ്പടം, മുളക് കൊണ്ടാട്ടം, അവിയൽ, ഓലൻ, അച്ചാർ, പുളിയിഞ്ചി, ഉപ്പേരി, ഇഞ്ചിത്തൈര്, സാമ്പാർ തുടങ്ങി പത്ത് തരം വിഭവങ്ങളോടെയായിരുന്നു സദ്യ. ഇതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവം' പൊതിച്ചോർ വിതരണം 1915 ദിവസങ്ങൾ പിന്നിട്ടു. ഇതുവരെ 17.64 ലക്ഷം സ്നേഹപ്പൊതികളാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വിശപ്പകറ്റിയത്.
നാടിനെ നടുക്കിയ മഹാപ്രളയകാലത്തും ലോക് ഡൗൺ നാളുകളിലും ഒരുദിവസംപോലും ഉച്ചഭക്ഷണം മുടങ്ങിയിരുന്നില്ല. രാഷ്ട്രീയ -സാമൂഹിക ഭേദമന്യേ ഏവരും ഏറ്റെടുത്ത പദ്ധതിയിൽ ദിനസവും ആയിരത്തോളം പൊതിച്ചോറുകളാണ് വിതരണംചെയ്യുന്നത്.
ഓരോ ദിവസവും നിശ്ചയിക്കപ്പെട്ട മേഖലാ കമ്മിറ്റികൾക്കുകീഴിലെ യൂണിറ്റുകൾവഴിയാണ് ശേഖരണം. ഓണസദ്യ വിതരണം ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി ഷബീർ ഉദ്‌ഘാടനംചെയ്‌തു. വണ്ടൂർ ബ്ലോക്ക് സെക്രട്ടറി ജുനൈദ്, മഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ശിഹാബ്, ജോയിന്റ് സെക്രട്ടറി രോഷിത്, ബ്ലോക്ക് കമ്മിറ്റി അംഗം സൽമാൻ, പടിഞ്ഞാറെ ചാത്തല്ലൂർ യൂണിറ്റ് സെക്രട്ടറി ടി ബിനീഷ്, ബ്രാഞ്ച് സെക്രട്ടറി ബിലാഹരി, എടവണ്ണ മേഖലാ സെക്രട്ടറി പ്രജീഷ് കൃഷ്ണ, മേഖലാ പ്രസിഡന്റ് സഗീർ, ട്രഷറർ പി പി ഷറഹുൽ ബാനു, കെ ഷിബിൻ എന്നിവർ പങ്കെടുത്തു.









0 comments