ഉഷാറാണ് പഠനം
47,895 വിദ്യാർഥികൾ, 30 കോടിയുടെ പഠനസഹായം


ടി വി സുരേഷ്
Published on Oct 09, 2025, 12:31 AM | 1 min read
മഞ്ചേരി
മികച്ച പഠനമുറികൾ, ഡിജിറ്റൽ പഠനോപകരണങ്ങൾ, തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അവസരങ്ങൾ, പഠന സഹായികൾ... വിദ്യാലങ്ങളിൽ മാത്രമല്ല, വിദ്യാർഥികളുടെ വ്യക്തിഗത പഠനസാഹചര്യങ്ങളും മികവിലേക്ക് ഉയർത്തുകയാണ് സംസ്ഥാന സർക്കാർ. ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 2024–25 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികളിലായി 30.97 കോടി രൂപയാണ് ചെലവഴിച്ചത്. 47,895 വിദ്യാർഥികളാണ് ഗുണഭോക്താക്കൾ. പ്രൊഫഷണൽ കോഴ്സിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ ആദ്യകാല ചെലവുകൾക്ക് സഹായം നൽകുന്ന ‘ഇനീഷ്യൽ എക്സ്പെൻസ്’ പദ്ധതിയിൽ 116 പേർക്കായി 9,95,000 രൂപയും മെഡിക്കൽ വിദ്യാർഥികൾക്ക് സ്റ്റെതസ്കോപ്പ് വിതരണംചെയ്യുന്ന പദ്ധതിയിൽ 30 പേർക്കായി 1,55,073 രൂപയും നൽകി.
2024–25 സാമ്പത്തിക വർഷം പ്രീ- മെട്രിക്, പോസ്റ്റ്- മെട്രിക് വിഭാഗങ്ങളിലായി ലംപ്സം ഗ്രാന്റും സ്‌റ്റൈപെൻഡും ഉൾപ്പെടെ 43,371 വിദ്യാർഥികൾക്ക് 15,15,97,550 രൂപ വിതരണംചെയ്യാൻ ലക്ഷ്യമിടുന്നതായി ജില്ലാ പട്ടികജാതി–പട്ടികവർഗ വികസന ഓഫീസർ കെ പി ഷാജി അറിയിച്ചു.
പഠനം ഡിജിറ്റൽ തന്നെ
ഉന്നത പഠനം പ്രോത്സാഹിപ്പിക്കാനും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കാനുമായി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണംചെയ്‌തു. എംബിബിഎസ്, ബിഎസ്‌സി, എംഎസ്‌സി, കംപ്യൂട്ടർ സയൻസ്, ബിആർക്ക്, പിഎച്ച്ഡി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവരാണ് ഗുണഭോക്താക്കൾ. 7,15,00,933 രൂപ ചെലവിട്ട് 420 വിദ്യാർഥികൾക്ക് ലാപ്‌ടോപ് നൽകി.
കൂടെയുണ്ട് മിഷൻ വിഷൻ
‘വിഷൻ’ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി സയൻസ് വിഭാഗം വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനം നൽകി. 618 വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിച്ചു. 7,30,000 രൂപയാണ് പദ്ധതിച്ചെലവ്. പ്ലസ്ടുവിനുശേഷം മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന വിഷൻ പ്ലസ് പദ്ധതിയിൽ 64,22,605 രൂപയും വിനിയോഗിച്ചു.
ഉറപ്പാണ് പഠനമുറിയും സുരക്ഷിത ഭവനവും
‘വീട്ടിൽ ഒരു പഠനമുറി’ പദ്ധതിയിൽ അഞ്ചുമുതൽ 12-ാം ക്ലാസുവരെ പഠിക്കുന്ന 1616 വിദ്യാർഥികൾക്ക് പഠനമുറികൾ നിർമിച്ചു. 17,98,90,000 രൂപയാണ് ചെലവ്. വിദ്യാർഥികളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കിയ ‘സേഫ്’ പദ്ധതിയിൽ 1528 കുടുംബങ്ങളെ സഹായിച്ചു. 5,86,11,875 രൂപയാണ് ചെലവ്.









0 comments