ജനജീവിതം ആശങ്കയിൽ
സർവകലാശാലാ പരിസരത്തും ആഫ്രിക്കൻ ഒച്ച് ശല്യം

തേഞ്ഞിപ്പലം പഞ്ചായത്തിൽ വ്യാപകമായ ആഫ്രിക്കൻ ഒച്ച്
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയുടെ സമീപ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം. ജനവാസം കുറഞ്ഞ സർവകലാശാലാ ക്യാമ്പസാണ് ഇവയ്ക്ക് പെറ്റുപെരുകുന്നതിന് അനുകൂല ആവാസവ്യവസ്ഥ ഒരുക്കുന്നത്. അവിടെനിന്ന് ഇപ്പോൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് കടക്കുകയാണ്. സർവകലാശാലയുടെ സമീപ പ്രദേശങ്ങളായ വില്ലൂന്നിയാൽ, ചെനക്കണ്ടി, മണിക്കുളത്ത് പറമ്പ് ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാണ്. തേഞ്ഞിപ്പലം പഞ്ചായത്തിലെ ചെനക്കലങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നു. കൃഷിയിടങ്ങളിലേക്കോ കിണറുകളിലേക്കോ എത്തിപ്പെട്ടാൽ സ്ഥിതി അപകടകരമാവും. ആൺ പെൺ വ്യത്യാസമില്ലാതെ മുട്ടയിട്ട് പെരുകുന്ന ജീവിയായതിനാൽ വലിയതോതിൽ ഇവയുടെ എണ്ണം വർധിച്ചുവരികയാണ്. ഇവയുടെ കാഷ്ഠത്തിൽ നിമാവിരകളുടെ സാന്നിധ്യം തെളിയിക്കപ്പെട്ടതിനാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. ആഫ്രിക്കൻ ഒച്ച് ശല്യം പരിഹരിക്കാൻ പഞ്ചായത്ത് ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സർവകലാശാലയുമായി സഹകരിച്ച് ഒച്ച് നിയന്ത്രണത്തിനായുള്ള തീവ്ര പരിപാടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കോഹിനൂർ ലോക്കൽ കമ്മിറ്റി സർവകലാശാലയ്ക്കും തേഞ്ഞിപ്പലം പഞ്ചായത്തിനും പരാതി നൽകി. ക്യാമ്പസിനടുത്ത് താമസിക്കുന്ന ജനങ്ങൾ ഒപ്പിട്ട നിവേദനവും നൽകിയിട്ടുണ്ട്. വിഷയത്തിൽ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം കോഹിനൂർ മേഖലാ കമ്മിറ്റിയും തേഞ്ഞിപ്പലം കൃഷി ഓഫീസർക്കും പഞ്ചായത്തിനും പരാതി നൽകിയിട്ടുണ്ട്.










0 comments