റബർ വില ഉയരുന്നു, പ്രതീക്ഷയും

ഇടിവണ്ണ സ്വദേശി എടാട്ടുകുന്നേല്‍ കുട്ടിയച്ചന്‍ റബര്‍ കൃഷിയിടത്തില്‍

എം സനോജ്
Published on May 22, 2026, 12:13 AM | 1 min read
നിലമ്പൂർ
കിലോയ്ക്ക് 300 രൂപയെന്ന റെക്കോഡിലേക്ക് റബര്‍ വില കുതിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍. ആര്‍ എസ് എസ് ഫോര്‍ റബറിന് (നാലാംതരം) വില 260 രൂപയിലെത്തി. അന്താരാഷ്ട്ര വില വര്‍ധിച്ചതും കടുത്ത വേനലില്‍ ടാപ്പിങ് നിലച്ചതിനാൽ ഉല്‍പ്പാദനം ഇടിഞ്ഞതുമാണ് വിലകുതിക്കാന്‍ കാരണം. റബര്‍വില ഉയര്‍ന്നതോടെ മഴമറകള്‍ സ്ഥാപിച്ചുള്ള ടാപ്പിങ് സജീവമാകും. ജില്ലയില്‍ കൂടുതല്‍ റബര്‍കര്‍ഷകരുള്ള പ്രദേശംകൂടിയാണ് നിലന്പൂര്‍ താലൂക്കിലെ മലയോരമേഖല.
വേനൽച്ചൂടിനെ തുടർന്ന് ഭൂരിഭാഗം തോട്ടങ്ങളിലും രണ്ട് മാസത്തോളമായി ടാപ്പിങ് നിര്‍ത്തിയിരിക്കുകയാണ്. റബർ വില റെക്കോഡിലേക്ക് കുതിക്കുമ്പോഴും റബർ കർഷകർക്ക് ഇതിന്റെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ കാലവർഷം എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ റബർ മരങ്ങൾക്ക് മഴമറ സ്ഥാപിക്കുന്ന തിരക്കിലേക്ക് കർഷകർ. വില ഉയർന്ന പ്രതീക്ഷയിൽ മഴമറ സ്ഥാപിച്ച് ടാപ്പിങ്ങിന് തയ്യാറെടുക്കുന്പോഴും വില വർധന നിലനിൽക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. മഴമറ സ്ഥാപിക്കുന്നതിനുള്ള പ്രധാന തിരിച്ചടി പ്ലാസ്റ്റിക് -പശ ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കളുടെ വലിയ തോതിലുള്ള വില വര്‍ധനയാണെന്ന് കര്‍ഷകനായ ഇടിവണ്ണ സ്വദേശി കുട്ടിയച്ചൻ എടാട്ടുകുന്നേൽ പറയുന്നു. മഴമറ സ്ഥാപിക്കുന്നതിന് തൊഴിലാളികളുടെ ക്ഷാമം വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. 25,000-ത്തിലേറെ ചെറുകിട റബർ കർഷകർ ജില്ലയിലുണ്ട്. നിരവധി റബർ എസ്റ്റേറ്റുകളുമുണ്ട്. മഴക്കാല ടാപ്പിങ് സജീവമായാൽ ടാപ്പിങ് തൊഴിലാളികൾക്കും ആശ്വാസമാകും.










0 comments