മായാതെ കിടക്കട്ടെ, ചുവരിലും ചങ്കിലും

ആർട്ടിസ്റ്റ് നടേശൻ സ്വന്തം വീടിന്റെ മതിലിൽ വി എസിന്റെ ചിത്രംവരയ്ക്കുന്നു
മാരാരിക്കുളം
നാടിനെയാകെ നയിച്ച വി എസ് ഇനി ‘തണലിന്റെ’ ചുവരിലും മായാതെ കിടക്കും. മണ്ണഞ്ചേരി നേതാജി "തണൽ' വീടിന്റെ മതിലിൽ വി എസിന്റെ ചിത്രം വരച്ച് ആദരമർപ്പിക്കുകയാണ് ആർട്ടിസ്റ്റ് നടേശൻ. നേതാജി–ജനശക്തി റോഡരികിലെ തന്റെ വീടിന്റെ മതിലിൽ ചിത്രത്തോടൊപ്പം എഴുത്തുകളും ഉണ്ട്. ‘കണ്ണേ കരളേ വി എസേ, ജനകീയതയുടെ രണ്ടക്ഷരം വിപ്ലവസൂര്യൻ അസ്തമിച്ചു’ എന്നും ചേർത്തു ചിത്രത്തിനൊപ്പം. എന്നിങ്ങനെ രേഖപ്പെടുത്തിയാണ് നടേശൻ വി എസിന് അഭിവാദ്യമർപ്പിച്ചത്. കോവിഡ് ബാധിച്ച് അമ്മ മരിച്ചതിനുശേഷമാണ് ബോധവൽക്കരണത്തിനായി നടേശൻ ചുവർചിത്രങ്ങൾ വരച്ചുതുടങ്ങിയത്. സ്വന്തം വീടിന്റെ മതിലിലായിരുന്നു വരകൾ. കോവിഡ് ബോധവൽക്കരണ ചിത്രങ്ങളും ആശയങ്ങളും വിവിധയിടങ്ങളിൽ സൗജന്യമായി വരച്ചതോടെ ആരോഗ്യവകുപ്പിന്റെ അംഗീകാരവും തേടിയെത്തി. അയൽക്കാരനായ കെഎസ്ഇബി ജീവനക്കാരന്റെ പുതിയ വീടിന്റെ മതിലിൽ വൈദ്യുത ബോധവൽക്കരണ സന്ദേശങ്ങളാൽ ‘സമ്മാനമൊരുക്കിയതും’ ശ്രദ്ധേയമായി. മോഹൻലാൽ 1978ൽ ആദ്യം അഭിനയിച്ച തിരനോട്ടംമുതൽ എമ്പുരാൻവരെ 353 ചിത്രങ്ങളും കഴിഞ്ഞവർഷം മതിലിൽ നിറച്ചു. പുന്നപ്ര സ്വദേശിയായിരുന്ന നടേശൻ ‘പോയിന്റ് പുന്നപ്ര'എന്ന പേരിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.










0 comments