ഇന്ന് വൈക്കത്തഷ്ടമി
അഷ്ടമി ഓളത്തിൽ വൈക്കം

വൈക്കത്തഷ്ടമിയുടെ പതിനൊന്നാം ഉത്സവദിവസം മഹാദേവ ക്ഷേത്രത്തിൽ നടന്ന കാഴ്ചശ്രീബലി
വൈക്കം
വഴികളെല്ലാം വൈക്കത്തേക്ക് ഒഴുകുകയാണ്. കായലരികിലെ വൈക്കം ഇന്ന് കടലാകും. അഷ്ടമിക്കടൽ.. കാണുന്നിടത്തെല്ലാം ഉത്സവത്തിമിർപ്പ്. വെള്ളിയാഴ്‌ചയാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. പുലര്‍ച്ചെ 3.30ന് ഉഷപൂജക്കും എതൃത്ത പൂജയ്ക്കുംശേഷം 4.30നായിരുന്നു അഷ്ടമിദര്‍ശനം. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് തപസനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്‍ പാര്‍വതി സമേതനായി ദര്‍ശനംനല്‍കിയ മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനമെന്നാണ് വിശ്വാസം. രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ ഊട്ടുപുരയുടെ ഇരുനിലകളിലുമായി പ്രാതല്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 70 വയസ് പൂര്‍ത്തിയായവര്‍ക്ക് പ്രാതല്‍ കഴിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. അത്താഴഊട്ടിലും നിരവധി ഭക്തര്‍ പങ്കെടുക്കും. രാത്രി 11നാണ് അഷ്ടമി വിളക്ക്. തുടര്‍ന്ന് ഉദയനാപുരത്തപ്പന്റെ വരവ്. ശനി പുലര്‍ച്ചെ രണ്ടിന് വലിയ കാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വൈകിട്ട് ആറിന് വൈക്കത്തപ്പന്റെ ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11ന് ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കൂടിപ്പൂജയും കൂടിപ്പൂജ വിളക്കും എന്നിവ നടക്കും. 14ന് വൈക്കം ക്ഷേത്രത്തില്‍ മുക്കുടി നിവേദ്യവുമുണ്ട്. അഷ്ടമി വിളക്ക് ഇന്ന് അഷ്ടമിദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ അഷ്ടമി വിളക്ക് വെള്ളി രാത്രി 10ന് നടക്കും. താരകാസുര നിഗ്രഹശേഷം ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് അഷ്ടമി വിളക്കിലെ പ്രധാന ദൃശ്യമാണ്. കൂട്ടുമ്മേല്‍ ഭഗവതി, ശ്രീനാരായണപുരം ദേവന്‍ എന്നിവരോടൊപ്പം എത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വലിയകവല, കൊച്ചാലുംചുവട് വടക്കേനട എന്നിവിടങ്ങളില്‍ വരവേല്‍ക്കും. മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തില്‍ ഭഗവതിക്കും തെക്കേനടയിലും വരവേല്‍പ് നല്‍കും. കിഴക്കുംകാവ് ഭഗവതിയുടെയും പുഴവായി കുളങ്ങര മഹാവിഷ്ണുവിന്റെയും എഴുന്നള്ളിപ്പുകള്‍ തെക്കേഗോപുരനടയില്‍ വച്ച് മൂത്തേടത്തുകാവ് ദേവിയോട് ഒന്നിച്ച് നാലമ്പലത്തിന്റെ വടക്കുവശം എത്തിച്ചേരും. തൃണയംകുടത്തപ്പന്‍ ഉദയനാപുരത്തപ്പനുമായി ഒന്നിച്ച് വടക്കേഗോപുരം വഴി നാലമ്പലത്തിന് വടക്കു ഭാഗത്ത് എത്തും. ഇരുഭാഗത്തു നിന്നും വരുന്ന എഴുന്നള്ളിപ്പുകള്‍ ഒരുമിച്ച് വ്യാഘ്രപാദത്തറയില്‍ എത്തിയാൽ വൈക്കത്തപ്പന്‍ തന്റെ സ്ഥാനം പുത്രന് നല്‍കും. ഈ അവസരത്തില്‍ അവകാശിയായ കറുകയില്‍ കുടുബത്തിലെ കാരണവര്‍ ഗോപാലന്‍ നായര്‍ വാദ്യമേളങ്ങളോടെ പല്ലക്കില്‍ എത്തി കാണിക്ക അര്‍പ്പിക്കും. ഒരു പ്രദക്ഷിണശേഷം ദേവീദേവന്‍മാരും പിന്നീട് ഉദയനാപുരത്തപ്പനും യാത്ര ചോദിച്ചുപിരിയും. എല്ലായിടത്തും അന്നദാനവും ഒരുക്കിയിട്ടുണ്ട്. കൊച്ചാലും ചുവട് വിളക്ക് പന്തൽ ദീപപ്രകാശനം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വൈദ്യുതി ദീപാലങ്കാര അഷ്ട്മി പന്തലിന്റെ ദീപപ്രകാശനം വൈക്കം ഡിവൈഎസ്‌പി പി എസ് ഷിജു നിര്‍വഹിച്ചു. പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, സെക്രട്ടറി കെ ജി സുധാകരന്‍, ട്രഷറര്‍ കെ വി പവിത്രന്‍, വൈസ് പ്രസിഡന്റ് ശിവകുമാര്‍, ജോ.സെക്രട്ടറി ജയന്‍ ഞള്ളയിൽ, ഗോപകുമാര്‍, പി മനോജ്, ദിലീപ്, മധു, ഹരികുമാര്‍, സുരേഷ്, ജിബു പണിക്കര്‍, കണ്ണന്‍, പ്രതീഷ്, അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വലിയകാണിക്ക സമര്‍പ്പണം അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നായ വലിയകാണിക്ക സമര്‍പ്പണം അഷ്ടമി വിളക്ക് കഴിഞ്ഞ് പുലര്‍ച്ചെ രണ്ടിന് നടക്കും. വലിയ കാണിക്ക സമര്‍പ്പണം. അവകാശികളായ കറുകയില്‍ കൈമള്‍മാരില്‍പ്പെട്ട ഗോപാലന്‍ നായരാണ് കാണിക്ക സമര്‍പ്പിക്കുന്നത്. ഒരു സ്വര്‍ണ ചെത്തിപ്പൂവും നാണയങ്ങളുമാണ് ആദ്യ കാണിക്കയായി സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് പൊതുജനം കാണിക്ക സമര്‍പ്പിക്കും. വൈക്കത്തപ്പന് ആദ്യ കാണിക്ക സമര്‍പ്പിക്കാന്‍ കിടങ്ങൂര്‍ കൊച്ചുമഠത്തില്‍ ഗോപലന്‍ നായര്‍ വെള്ളി ഉച്ചയ്‌ക്ക് വൈക്കത്തെത്തും. 25–-ാം വര്‍ഷമാണ് ഗോപാലന്‍ നായര്‍ക്ക് കാണിക്ക അര്‍പ്പിക്കാന്‍ അവസരം ലഭിക്കുന്നത്. പ്രാതലിന് അരിയളന്നു വെള്ളിയാഴ്‌ച മഹാദേവ ക്ഷേത്രത്തിൽ 121 പറയുടെ പ്രാതലാണ് തയ്യാറാക്കുന്നത്.പ്രാതല്‍ ഒരുക്കുന്നത് അവകാശിയായ മുട്ടസ് മന കുടുംബക്കാരാണ്. പ്രാതലിന്റെ അരിയളക്കല്‍ ദീപാരധനക്കുശേഷം ക്ഷേത്രകലവറയില്‍ ദേവസ്വം കമ്മീഷണര്‍ ബി സുനില്‍കുമാര്‍ നിര്‍വഹിച്ചു. വൈക്കത്ത് ഇന്ന് രാവിലെ അഞ്ചിന് പഞ്ചരത്‌ന കീര്‍ത്തനം, ഏഴിന് നാമസങ്കീ ര്‍ത്തനം, എട്ടിന് സംഗീതക്കച്ചേരി, ഒന്‍പതിന് നാഗസ്വര കച്ചേരി ഉച്ചക്ക് ഒന്നിന് ചാക്യാര്‍ കൂത്ത്, രണ്ടിന് ഓട്ടന്‍ തുള്ളല്‍, മൂന്നിന് ഭക്തി ഗാനമഞ്ജരി, വൈകിട്ട് നാലിന് ഭക്തി ഗാനാമൃതം, ആറിന് ഹിന്ദുമത കണ്‍വന്‍ഷന്‍, 7.30ന് നൃത്താര്‍ച്ചന, രാത്രി ഒന്‍പതിന് സംഗീത സദസ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമി വിളക്ക്, വലിയ കാണിക്ക 4.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. ഉത്സവബലി സമാപിച്ചു വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവബലി സമാപിച്ചു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി. വൈക്കത്തപ്പന്റെ സാന്നിധ്യത്തില്‍ ദേവപാര്‍ഷദന്‍മാര്‍ക്കും തന്‍പാര്‍ഷദന്‍മാര്‍ക്കും ഹവിസ് ബലി അര്‍പ്പിക്കുന്നതാണ് ചടങ്ങ്.










0 comments