‘ടെയ്‌ലർ മണി സ്‌റ്റൈൽ
’മോഷണക്കേസിൽ ട്വിസ്‌റ്റ്; പരാതി നൽകാൻ കൂടെവന്ന സഹായി പ്രതി

അഷറഫ്
ഹരിപ്പാട്
ആറുപവൻ സ്വർണാഭരണങ്ങൾ മോഷണംപോയെന്ന പരാതിയുമായാണ് കൊച്ചുതറയിൽ സദഖ് തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തുന്നത്. ‘ഒരു ധൈര്യത്തിന്’ ബന്ധുവായ പതിയാങ്കര കാട്ടുവടക്കതിൽ അഷറഫും ഒപ്പമെത്തി. അന്വേഷണം ചൂടുപിടിച്ചപ്പോൾ പരാതിക്കാരനൊപ്പം വന്ന സഹായി പ്രതിയായി. കേസിൽ അഷറഫിനെ (45) പൊലീസ് അറസ്‌റ്റ് ചെയ്‌തു, ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പൊലീസ് പറയുന്നതിങ്ങനെ, അഷറഫിന്റെ ബന്ധുവായ കൊച്ചുതറയിൽ സദഖിന്റെ വീട്ടിൽനിന്ന് ചൊവ്വ രാത്രിയാണ് മാല, വള, മോതിരം എന്നിവയുൾപ്പെടെ ആഭരണങ്ങൾ മോഷണംപോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. പഴയവീട്ടിൽനിന്ന് സാധനങ്ങൾ മാറ്റിയിരുന്നില്ല. ആ വീട്ടിൽ ആൾതാമസവുമില്ല. അവിടെനിന്നാണ് ആഭരണം നഷ്‌ടപ്പെട്ടത്. സദഖും അഷറഫും ബന്ധുക്കളും ചേർന്നാണ് ബുധൻ രാവിലെ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. അന്വേഷണം തുടങ്ങിയതോടെ ആലപ്പുഴ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. അഷറഫിന്റെ വീടിന് സമീപമാണ് മോഷണം നടന്ന വീട്. ഇവിടെനിന്ന് മണം പിടിച്ച ആലപ്പുഴ ഡോഗ് സ്‌ക്വാഡിലെ നായ ജൂഡി 100 മീറ്റർ അപ്പുറത്തെ അഷറഫിന്റെ വീടിന് മുന്നിലെത്തി നിന്നു. തുടർന്ന് ചോദ്യംചെയ്യലിൽ അഷറഫ് കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ആഭരണങ്ങൾ കണ്ടെടുത്തു. എസ്എച്ച്ഒ ലാൽ സി ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്ഐമാരായ രഞ്‌ജിത്ത്, സോമരാജൻ, എഎസ്ഐ പ്രദീപ്, സബീന, ഗോപകുമാർ, സീനിയർ സിപിഒ ജി അനിൽകുമാർ, അനീഷ്‌കുമാർ, സാജിദ്, അനിൽ, അനന്തപത്മനാഭൻ, അനീസ്, മനോജ്, സിപിഒമാരായ ഹരീഷ്, തോമസ് ആന്റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.










0 comments