ad
Deshabhimani

ജന്മനാട്ടിൽ 
സംപൂജ്യർ

കെഎസ്‌യുവിൽ 
കലാപം രൂക്ഷം

KSU
avatar
സ്വന്തം ലേഖകൻ

Published on Sep 20, 2026, 02:20 AM | 1 min read

ആലപ്പുഴ

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലേറ്റ കനത്ത തോൽവിയിൽ കെഎസ്‌യുവിൽ കലാപം. ജില്ലാ പ്രസിഡന്റായ എ ഡി തോമസ്‌ എംഎൽഎയ്‌ക്ക്‌ എതിരെ ഒരുവിഭാഗം രംഗത്തെത്തി. ജന്മനാട്ടിൽ കെഎസ്‌യുവിന്‌ 20ൽ 15 ഇടത്തും സ്ഥാനാർഥിയെ നിർത്താൻ പോലും സാധിച്ചില്ല. ജില്ലാ പ്രസിഡന്റ്‌ പ-ഠിച്ച ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ 54ൽ 51 സീറ്റിലും സ്ഥാനാർഥികളെ കിട്ടിയില്ല. ചേർത്തല പോളിയിലും പത്രിക നൽകാനായില്ല. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗോകുൽ നാഥ്, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ആര്യ കൃഷ്ണ, സെക്രട്ടറി രാഹുൽ രാജൻ എന്നിവർ പഠിച്ചിരുന്ന ഹരിപ്പാട്‌ ടികെഎംഎം, സംസ്ഥാന ഭാരവാഹിയായ അൻസിൽ ജലീലിന്‌ ചുമതലയുണ്ടായിരുന്ന ആലപ്പുഴ എസ്‌‍ഡി കോളേജ്‌ തുടങ്ങി എല്ലായിടത്തും സ്ഥിതി പരിതാപകരം. സംഘടന തകർന്നടിഞ്ഞതിലുള്ള പൂർണ ഉത്തരവാദിത്തം ജില്ലാ പ്രസിഡന്റിനാണെന്ന വിമർശനം കെഎസ്‌യുവിലും കോൺഗ്രസിലും ഉയർന്നുകഴിഞ്ഞു. തമ്മിലടിയും ഗ്രൂപ്പും കാരണം പ്രവർത്തിക്കാൻ പോലും ആളെ കിട്ടാത്ത അവസ്ഥയിലാണ്‌ കെഎസ്‌യു. ചെങ്ങന്നൂർ ശ്രീ അയ്യപ്പയിലും മാവേലിക്കര ബിഷപ്മൂറിലും എബിവിപിയെ കൂട്ടുപിടിച്ച ജില്ലാ നേതൃത്വത്തിന്റെ തന്ത്രവും പാളി. വിസിയുടെ സഹായത്തോടെ എസ്‌എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർഥിയെ നിയമ വിരുദ്ധമായി പുറത്താക്കി മത്സരിച്ച കായംകുളം എംഎസ്എമ്മിലെ തോൽവി സംസ്ഥാന തലത്തിൽ തന്നെ നാണക്കേടായി. മറ്റ്‌ സീറ്റുകളിൽ മുന്നൂറോളം വോട്ടിനാണ്‌ കെഎസ്‌യു സഖ്യം പരാജയപ്പെട്ടത്‌. വളഞ്ഞ വഴിക്ക്‌ ജയിക്കാനുള്ള തന്ത്രം എല്ലായിടത്തും പാളി. അമ്പലപ്പുഴ പി കെ സി സ്‌മാരക ഗവ. കോളേജിൽ കോൺഗ്രസ്‌ അനുകൂല സംഘടനയിലെ അധ്യാപകരെ ഉപയോഗിച്ച്‌ എസ്‌എഫ്‌ഐയുടെ നാമനിർദേശപത്രിക പിടിച്ചുവച്ചു. എന്നാൽ ബാക്കിയുള്ള 12 സീറ്റിൽ പത്തും കെഎസ്‌യു പരാജയപ്പെട്ടു. രമേശ്‌ ചെന്നിത്തലയുടെ പിന്തുണയിൽ എൻഎസ്‌യു ദേശീയ സെക്രട്ടറിയാകാൻ ശ്രമിക്കുന്ന അബാദ്‌ ലുത്ത്‌ഫിനും തെരഞ്ഞെടുപ്പ്‌ തോൽവി വൻതിരിച്ചടിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home