ad
Deshabhimani

ഇതാ ഒന്നരപ്പതിറ്റാണ്ടിന്റെ ലെഗസി

 മാന്നാറിലെ ഫ്രഷ് ആന്‍ഡ് ഫാസ്റ്റ് ഭക്ഷണശാലയിലെ അരിപ്പത്തിരി നിര്‍മാണം

മാന്നാറിലെ ഫ്രഷ് ആന്‍ഡ് ഫാസ്റ്റ് ഭക്ഷണശാലയിലെ അരിപ്പത്തിരി നിര്‍മാണം

avatar
കെ സുരേഷ് കുമാര്‍

Published on Mar 18, 2026, 01:20 AM | 1 min read

മാന്നാർ

റംസാൻ വ്രതത്തിന്റെ വിശുദ്ധ നാളുകളിൽ നോമ്പുപോലെതന്നെ പ്രാധാന്യമുള്ളതാണ് നോമ്പുതുറയും. ഇഫ്ത്താറിന്റെ തീൻമേശയിൽ പുത്തൻ വിഭവങ്ങൾ ഏറെ കടന്നു വന്നെങ്കിലും ഇന്നും പത്തര മാറ്റിന്റെ തിളക്കത്തിലാണ് അരിപ്പത്തിരി. രാവുകളിൽ കൂട്ടമായിരുന്ന് പലകയിൽ പരത്തിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുന്നതുതന്നെ ഒരുആഘോഷമായിരുന്നു. ഇന്ന് മാവ് കുഴച്ചും പരത്തിയും ചുട്ടും തരുന്ന മെഷീനുകൾ എത്തിയതോടെ ജോലി ഭാരം കുറഞ്ഞു. മാന്നാറിലെ ആദ്യ പത്തിരിക്കമ്പനിയുടെ സ്ഥാപകനും അൽനൂർ കാറ്ററിങ് ഉടമയുമായ നാഥംപറമ്പിൽ ഫിറോസാണ്‌ ഇത്തവണയും താരം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഫിറോസ് 17വർഷം മുമ്പാണ് കോയമ്പത്തൂരിൽനിന്ന് മെഷീനെത്തിച്ച് നിർമാണം ആരംഭിച്ചത്. ശുദ്ധമായ അരിപ്പൊടിയിൽ നിർമിക്കുന്ന പത്തിരിയുടെ മൃദുലതയും രുചിയും ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അതേപടി നിലനിർത്താൻ കഴിയുന്നുവെന്നതാണ് വിജയ രഹസ്യം. മെഷീനിലാണ് നിർമാണമെങ്കിലും അടുക്കി എണ്ണിത്തിട്ടപ്പെടുത്തി ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് പൊതിഞ്ഞ് നൽകാൻ ഒരു സംഘംതന്നെയുണ്ട്. മലബാർ വിഭവങ്ങളായ ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കായ്പോള, എന്നിവയോടൊപ്പം കട്ലറ്റ്, സമൂസ എന്നിവയും തയ്യാറാക്കി നൽകും. 
പ്രദേശവാസികളായ പട്ടരുമഠത്തിൽ കല്യാണിയും കവറാട്ട് ഇന്ദിരാമ്മയും പുത്തൻപുരയിൽ ഹൗലത്തും ലൈലാ ബീവിയും അതിഥി തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം ജോലിക്കാരാണ് പുലർച്ചെ മുതൽ ഇതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ലാഭത്തെക്കാളുപരി നിരവധി കുടുംബങ്ങൾക്ക് അത്താണിയാകുവാൻ കഴിയുന്നതിലുള്ള സന്തോഷമാണ് തനിക്കുള്ളതെന്ന് മാന്നാർ അറേബ്യൻ ഗ്രിൽസിന്റെയും ഫ്രഷ് ആന്‍ഡ് ഫാസ്റ്റ് ഭക്ഷണശാലകളുടെയും ഉടമ കൂടിയായ ഫിറോസ് പറഞ്ഞു. ഭാര്യ ഷൈലാ ബീവിയും മകൻ അൽഅമീനും പിന്തുണയുമായി ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home