ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം: കൊല്ലം സ്വദേശി പിടിയിൽ

പ്രതി ജോസ്
ചാരുംമൂട്
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെയും ഘടക സ്ഥാപനങ്ങളിലെയും മോഷണക്കേസിൽ കൊല്ലം മങ്ങാട് കണ്ടച്ചിറഭാഗം ഇലയാട്ടുവിള ജോസിനെ ( മുട്ടജോസ് – -50) നൂറനാട് പൊലീസ് അറസ്റ്റുചെയ്തു. കറ്റാനത്തിന് സമീപം വെട്ടിക്കോട് ഭാഗത്തുനിന്നാണ് പിടിയിലായത്. ശനി രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിച്ച് തെളിവെടുത്തു. വിവിധ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് മോഷണം. ഓഫീസിലെ അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലായിരുന്നു. കാന്റീൻ, കറി പൗഡർ യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നായി 15,000 ഓളം രൂപയാണ് മോഷ്ടിച്ചത്. ഓഫീസിലെ സിസിടിവിയുടെ ഡിവിആറും ഹാർഡ് സിസ്‌കും അഴിച്ചുമാറ്റിയിരുന്നു. ഓഫീസ് പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഭരണിക്കാവ് പഞ്ചായത്ത് ഓഫീസിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെള്ളി രാത്രി നടത്തിയ പരിശോധനയ്‌ക്കിടെയാണ് പിടിയിലായത്. മോഷണം നടത്തിയ രീതി ഇയാൾ പൊലീസിനോട് വിശദീകരിച്ചു. സംസ്ഥാനത്തെ 15 ഓളം സ്‌റ്റേഷനുകളിൽ വിവിധ മോഷണക്കേസുകളിൽ പ്രതിയായ ജോസ് ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ചെയ്തു. നൂറനാട് എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ എസ് മിഥുൻ, കെ സുരേഷ് ബാബു, എഎസ്ഐ പ്രതാപ് ചന്ദ്രമേനോൻ, എസ്‌സിപിഒമാരായ വിമൽ, ജയേഷ്, ജംഷാദ്, മനുകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.










0 comments