വേനൽമഴ
കാറ്റും മിന്നലും സൂക്ഷിക്കണം

ആലപ്പുഴ
കത്തിയെരിയുന്ന വേനൽപ്പകലുകൾക്ക് ആശ്വാസമായി വേനൽമഴ എത്തിയിരിക്കുകയാണ്. സാധാരണയായി വൈകുന്നേരങ്ങളിലാണ് വേനൽമഴയുണ്ടാകുക. വളരെ നേരം നീണ്ടുനിൽക്കുകയുമില്ല. കർഷകർക്ക് അനുഗ്രഹവുമാണ് വേനൽമഴ. ഇങ്ങനെ പലതരത്തിൽ ഗുണം നൽകുന്നതാണ് വേനൽമഴയെങ്കിലും കരുതിയിരിക്കുന്നതും നല്ലതാണ്. ചില അപകടങ്ങളും കൊണ്ടാണ് വരവ്. വേനൽമഴയിൽ ഏറ്റവുമധികം കരുതിയിരിക്കേണ്ടത് ഇടിമിന്നലിനെയാണെന്ന് അഗ്‌നിരക്ഷാസേന അധികൃതർ പറയുന്നു. സർക്കാർ സംവിധാനങ്ങൾ ഇതിനകം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂപ്രകൃതിയുടെ വ്യത്യാസമില്ലാതെ കേരളത്തിലുടനീളം ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാവാറുണ്ട്. വേനൽമഴ സമയങ്ങളിൽ തുറസ്സായ പ്രദേശങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വൈകുന്നേരങ്ങളിൽ ശക്‌തമായ മിന്നലാണ് മഴയ്‌ക്കൊപ്പം ഉണ്ടാവുക. മിന്നലുണ്ടാകുന്പോൾ വൈദ്യുതി അപകടങ്ങളും വർധിക്കും. അതിനാൽ വേനൽമഴയുള്ള സമയങ്ങളിൽ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കരുത്. ശക്‌തമായ കാറ്റിനെയും വേനൽമഴക്കാലത്ത് സൂക്ഷിക്കണം. പെട്ടെന്നാണ് ഇത്തരം കാറ്റുകൾ ഉണ്ടാകുക. ഇതിൽപ്പെട്ട് മരങ്ങൾ മറിഞ്ഞുവീണ് അപകടമുണ്ടാവാറുണ്ട്. ഇങ്ങനെയുള്ള സമയത്ത് വാഹനങ്ങളിൽ യാത്രചെയ്യുന്നതും ഒഴിവാക്കണം. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ ആലപ്പുഴ പട്ടണത്തിലും സമീപപ്രദേശങ്ങളിലുമായി ആറ് മരങ്ങൾ കടപുഴകിയതായി അഗ്‌നിരക്ഷാസേന പറഞ്ഞു. ഇതിനാൽ ഗതാഗത തടസവുമുണ്ടായി. വൈഎംസിഎയ്‌ക്ക് സമീപം വീണ മരം ബുധൻ രാവിലെയാണ് മുറിച്ചുമാറ്റിയത്.










0 comments