വിദ്യാർഥികളെക്കൊണ്ട് കാൽ കഴുകിച്ച സംഭവം
ഡിവൈഎഫ്‌ഐ മാർച്ച് ഇന്ന്

ചാരുംമൂട്
ആർഎസ്‌എസ് നിയന്ത്രിക്കുന്ന സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് ബിജെപി നേതാവിന്റെയും അധ്യാപകരുടെയും കാൽ കഴുകിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിങ്കളാഴ്‌ച യുവജനമാർച്ച് സംഘടിപ്പിക്കും. നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂൾ, മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്‌കൂൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം കുട്ടികളെക്കൊണ്ട് കാൽ കഴുകിച്ചത്. ഇടപ്പോണിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ, മാവേലിക്കരയിൽ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ എന്നിവർ ഉദ്‌ഘാടനം ചെയ്യും.
നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിൽ ബിജെപി ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാൽ കുട്ടിയെക്കൊണ്ട് കഴുകിച്ചിരുന്നു.
സസ്യേതര ഭക്ഷണത്തിന്
വിലക്ക്
നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിൽ വിദ്യാർഥികൾ സസ്യേതര ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിന് വിലക്കുണ്ട്. ചെരുപ്പിട്ട് കയറുന്നതിനും കുറേക്കാലം മുമ്പ് വരെ വിലക്കുണ്ടായിരുന്നു. വിദ്യാർഥികൾ പുറത്തെ വരാന്തയിൽ ചെരുപ്പ് ഊരിയിട്ട് വേണം ക്ലാസിലെത്താൻ. രക്ഷിതാക്കൾ എതിർത്തതിനെ തുടർന്ന് ചെരിപ്പിന്റെ വിലക്ക് നീക്കുകയായിരുന്നു. ശനിയാഴ്‌ച രാത്രി ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തിനും യോഗത്തിനും ശേഷം ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു.
കലസാഹിത്യ സംഘത്തിന്റെ പ്രതിഷേധ സായാഹ്നം
ചാരുംമൂട്
നൂറനാട് ഇടപ്പോൺ ആറ്റുവ വിവേകാനന്ദാ വിദ്യാപീഠം സ്‌കൂളിൽ വിദ്യാർഥികളെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെയും അധ്യാപകരുടെയും കാൽ കഴുകിപ്പിച്ച് പാദപൂജനടത്തിയത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം ചാരുംമൂട് ഏരിയ കമ്മിറ്റി.
വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാൻ ബോധപൂർവം നടത്തുന്ന ശ്രമമാണ് ഇതിന് പിന്നിലെന്ന് ഏരിയ പ്രസിഡന്റ് വള്ളികുന്നം രാജേന്ദ്രനും സെക്രട്ടറി കെ എൻ ശ്രീകുമാറും പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തൽ പ്രതിഷേധിച്ച് തിങ്കൾ വൈകിട്ട് അഞ്ചിന് ഇടപ്പോൺ ജങ്ഷനിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിക്കും. പ്രഭാഷകൻ ഡോ. സി ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. വള്ളികുന്നം രാജേന്ദ്രൻ അധ്യക്ഷനാകും.









0 comments