ad
Deshabhimani

ഉപദേശിക്കടവ് പാലം ‍
അവസാന ഘട്ടത്തില്‍

Bridge work in Final Stage

പരുമല ഉപദേശിക്കടവ് പാലം

avatar
കെ സുരേഷ് കുമാര്‍

Published on Oct 23, 2025, 01:35 AM | 1 min read

മാന്നാർ

നീണ്ട കാത്തിരിപ്പിനൊടുവില്‍ പരുമല ഉപദേശിക്കടവ് പാലത്തിന്‌ സാക്ഷാല്‍കാരമാകുന്നു. അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്‌. 2020 സെപ്‌തംബര്‍ 17നാണ് പണി തുടങ്ങിയത്. 271.50 നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് രൂപകല്‍പ്പന. 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. പാലം നിര്‍മിച്ചത് 13 സ്പാനുകളില്‍ ഫ്‌ളൈ ഓവര്‍ മോഡലിലാണ്. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിയിലാണ് ബജറ്റില്‍ 25 കോടി രൂപ ഉപയോഗിച്ച് പാലം നിര്‍മിച്ചിരിക്കുന്നത്. അപ്രോച്ച് റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. പാലത്തിന്റെ മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ റോഡ് നിർമാണം പൂർത്തിയായി. പരുമല ഭാഗത്ത് പാലം മുതൽ സിൻഡസ് മോസ് സ്കൂൾവരെ റോഡിന്റെ നിർമാണം പൂർത്തിയായി. എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമാണം. തിക്കപ്പുഴ വരെ ഒന്നരകിലോമീറ്ററോളം വരുന്ന റോഡ് കുണ്ടും കുഴിയുമായി. കാൽനടയാത്രകാർക്ക് സഞ്ചരിക്കാന്‍ പറ്റാത്തവിധം റോഡ് തകര്‍ന്നു. ഈ റോഡുകൂടി നിർമിച്ചെങ്കിലേ പാലത്തിന്റെ ഗുണംകിട്ടൂ. ഈ ഭാഗം പഞ്ചായത്തിന്റെ അധീനതയിലാണ്. റോഡ് പി ഡബ്ല്യു ഡി ഏറ്റെടുത്ത് എട്ട് മീറ്റർ വീതിയിൽ തന്നെ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇരുവശങ്ങളിലെ മതിലുള്ള വീട്ടുകാരുടെ മതിൽ പൊളിച്ച് മതിൽ കെട്ടി കൊടുക്കുന്നതുൾപ്പടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. നിർമാണത്തിന്‌ ഭരണാനുമതി ലഭിച്ചെങ്കിലും ജോലികള്‍ ആരംഭിക്കാൻ കാലതാമസമെടുക്കും. പരുമല പെരുന്നാളിന് ഈ പാലത്തിലൂടെ തീർഥാടകരെ കടത്തിവിടാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് പെരുന്നാൾ അവലോകന യോഗത്തിൽ മാത്യു ടി തോമസ് എംഎൽഎ പറഞ്ഞിരുന്നു. ഉപദേശിക്കടവ് പാലവും അതിന്റെ അപ്രോച്ച് റോഡും പൂർത്തിയാകുന്നതോടെ പരുമല പള്ളി, പനയന്നാർക്കാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളേജ് എന്നിവിടങ്ങളിലേക്ക് തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ കുരുക്കിൽപ്പെടാതെ വേഗം ഇവിടങ്ങളിലേക്ക് എത്താം. കൂടാതെ കോട്ടയ്ക്കല്‍ കടവ് പാലം പണി കൂടി പൂർത്തിയാകുമ്പോൾ മാന്നാറിന്റെ ബൈപാസായി മാറും.പഞ്ചായത്ത് കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവലോകനയോഗത്തില്‍ ആവശ്യമുയര്‍ന്നു. പരുമല തീർഥാടനമാരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ റോഡ് കുണ്ടുംകുഴിയുമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home