മഴസമയത്ത് അറ്റകുറ്റപ്പണി
തണ്ണീർമുക്കം ബണ്ട് റോഡ് യാത്ര ദുരിതപൂർണം

തണ്ണീർമുക്കം
ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുന്പ് ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണി ഒരു മഴപോലും അതിജീവിക്കാതെ തകർന്നു. ടാറിങ് ഇളകി വീണ്ടും ആഴമേറിയ കുഴികൾ രൂപപ്പെട്ടതോടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. അശാസ്‌ത്രീയരീതിയിലാണ് കുഴിയടച്ചതെന്ന് നാട്ടുകാർ പറയുന്നു. ആവശ്യമായ സാങ്കേതികമാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറ്റകുറ്റപ്പണി നടത്തിത്. മഴസമയത്ത് അറ്റകുറ്റപ്പണി നടത്തിയതിനാൽ റോഡ് പഴയ സ്ഥിതിയിലായി. ആലപ്പുഴ-, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തണ്ണീർമുക്കം ബണ്ട് റോഡിലൂടെ ദിവസവും നിരവധി വാഹനങ്ങളാണ് പോകുന്നത്. വലിയ കുഴികളിൽ വീണ് വാഹനങ്ങൾ കേടാകുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും സ്ഥിരമാണ്. റോഡിൽ മഴവെള്ളം കെട്ടിനിൽക്കുകയാണ്. മഴവെള്ളത്തിൽ കുഴികൾ കാണാനാകാത്തത് ഇരുചക്രവാഹന യാത്രക്കാരടക്കമുള്ളവർക്ക് ദുരിതമാകുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പാലം റോഡുകളാണ് തുടർച്ചയായി തകരുന്നത്.










0 comments