പച്ചില വീടിന്റെ മട്ടുപ്പാവിലാകെ പച്ചപ്പാണ്

വിളവെടുത്ത അടതാപ്പുമായി ഷൈനും ഭാര്യ ധന്യയും
കെ എസ് ലാലിച്ചൻ
Published on Jan 12, 2026, 12:44 AM | 2 min read
മുഹമ്മ
കൃഷിഭൂമിയില്ലെങ്കിലെന്താ മനസുണ്ടെങ്കിൽ മട്ടുപ്പാവിൽ വിളവെടുത്ത് ഷൈൻ ചെയ്യാം. പള്ളിക്കുന്ന് പനയ്‌ക്കാപറമ്പിൽ ഷൈനിന്റെ അനുഭവസാക്ഷ്യമാണിത്. വീടിന് മുകളിൽ വെറും ആയിരത്തോളം ചതുരശ്രയടിയിൽ 60 കാർഷികവിളയാണ് 49കാരനായ ഇദ്ദേഹം പരിപാലിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിൽ സദ്യക്ക് വിളമ്പിയിരുന്ന മട്ടിപ്പഴത്തിന്റെ വാഴവിത്ത്, പ്രസവരക്ഷയ്‌ക്ക് ഉപയോഗിച്ചിരുന്ന മുൾക്കിഴങ്ങ് (മുക്കിഴങ്ങ്), കുഴിമന്തിയുടെ സാലഡിൽ ഉപയോഗിക്കുന്ന ‘ജർജീർ'ചെടി തുടങ്ങി അപൂർവയിനം വിളകൾ ഇവിടെ കാണാം. ‘പച്ചില വീട് ' എന്ന തന്റെ യുട്യൂബ് ചാനലിൽ കൃഷിയുടെ പ്രചാരണം നടത്തുന്നതിലൂടെ വിത്തിനങ്ങൾക്ക് ലക്ഷദ്വീപിൽനിന്നുവരെ ആവശ്യക്കാരുണ്ട്. അവർക്ക് കൊറിയർ ആയി അയച്ചുകൊടുക്കുന്നു. വിവിധയിനം വാഴ കുലചൂടിയും പൂക്കൾ വിരിഞ്ഞ് സൗരഭ്യം പകർന്നും മട്ടുപ്പാവിന് മനോഹരകാഴ്‌ച സമ്മാനിക്കുന്നു. തീയലിനും തോരനും പറ്റിയ ചുണ്ടങ്ങ, അമരപ്പയർ, മയിൽപ്പീലി ചീര ഉൾപ്പെടെ വ്യത്യസ്‌തയിനം ചീരകൾ, ഇല്ലിക്കൊമ്പൻ വഴുതന, ഹരിത വഴുതന, നിത്യവഴുതന, ആനക്കൊമ്പൻ വെണ്ട, വിവിധയിനം മുളകുകൾ തുടങ്ങിയവയും തോട്ടത്തിലുണ്ട്. മാവുകൾ, പപ്പായ, അമ്പഴം, ചാമ്പ, മുള്ളാത്ത, തായ്‌ലന്റ്പിങ്ക് ഉൾപ്പടെ പേര, ബുഷ് ഓറഞ്ച്, ബെയ്ർആപ്പിൾ, സപ്പോർട്ട, സീതപ്പഴം, ഇലന്തപ്പഴം. ലെമൺ വൈൻ, പൈനാപ്പിൾ, നെല്ലി, ചെറുനാരകം, മധുരക്കിഴങ്ങ് ഇവയൊക്കെ മട്ടുപ്പാവിൽ നന്നായി വിളയിക്കാമെന്ന് ഷൈൻ കാണിച്ചുതരുന്നു.കിഴങ്ങുവർഗങ്ങളിൽ അപൂർവമായ പലതും ഇവിടെ സംരക്ഷിക്കുന്നു. അടതാപ്പ്, നന കിഴങ്ങ്, ക്വിന്റൽ കാച്ചിൽ, വയലറ്റ് ചേമ്പ് ഇങ്ങനെ പട്ടിക നീളുന്നു. കസ്‌തൂരി മഞ്ഞൾ, ഇഞ്ചി, കറിവേപ്പ്, ചെടി മുരിങ്ങ തുടങ്ങി വീട്ടാവശ്യത്തിനുള്ള എല്ലാം ഇവിടത്തെ മട്ടുപ്പാവിലുണ്ട്. ഉപയോഗശൂന്യമായ ഫ്രിഡ്‌ജ് ബോക്‌സ്, തെർമോക്കോൾ പെട്ടി, ചെടിച്ചട്ടികൾ തുടങ്ങിയവയിലാണ് തൈകൾ നടുന്നത്. ഇവിടെത്തന്നെ തയ്യാറാക്കുന്ന ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിക്കുന്നത്. നന്നായി പരിചരിക്കുന്നതിനാൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ഫലവർഗങ്ങളും മട്ടുപ്പാവിൽനിന്ന് കിട്ടുന്നുണ്ടെന്ന് ഷൈൻ പറയുന്നു. കൺസ്ട്രക്‌ഷൻ കരാറുകാരനായ ഷൈൻ മൂന്നു വർഷത്തെ കഠിനാധ്വാനത്തിലൂടെ മികച്ച കർഷകനായി മാറുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌റ്റാഫ് നഴ്സായ ഭാര്യ ധന്യയും എൽഎൽബി പ്രവേശനത്തിനായി തയ്യാറെടുക്കുന്ന മകൾ ഗായത്രിയും കെ ഇ കാർമൽ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി മകൻ ഗൗതം കൃഷ്‌ണയും കൃഷിയിൽ സഹായിക്കുന്നു.
കദളിരുചിയുമായി മട്ടിവാഴ
രാജഭരണകാലത്ത് തിരുവിതാംകൂർ കൊട്ടാരത്തിൽ മാത്രം വിശേഷദിവസങ്ങളിൽ വിളമ്പിയ പഴമാണിത്. നെടുമങ്ങാടണ് ഇത് കൃഷി ചെയ്‌തിരുന്നത്. വഴക്കുല പുറത്ത് വിൽക്കാൻ അനുവാദം ഇല്ലായിരുന്നു. കൊട്ടാരത്തിലേ കൊടുക്കാവൂ. കൃഷിയിടങ്ങളിൽ കൊട്ടാരത്തിലെ കാവൽഭടന്മാർ ഉണ്ടായിരുന്നു. പിന്നീട് വെള്ളായണി കാർഷിക ഗവേഷണകേന്ദ്രം ഇതിന്റെ വിത്ത് ഉൽപ്പാദിപ്പിച്ച് ‘കാവേരി' എന്ന പേരിൽ കർഷകർക്ക് നൽകി. മെഴുകുതിരി, സുന്ദരി എന്നീ പേരുകളിലും അറിയപ്പെടുന്നു. കദളിപ്പഴത്തിന്റെ രുചിയും മണവുമാണ്.
അന്നജം നിറയും അടതാപ്പ്
കാച്ചിൽ വർഗത്തിൽപ്പെട്ട വള്ളിച്ചെടിയിൽ 100 ഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെയുള്ള കായ ഉണ്ടാകും. 60 വർഷം മുന്പുവരെ ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ ഉപയോഗമായിരുന്നു. ഉരുളക്കിഴങ്ങിനെക്കാൾ രുചിയാണ്. അന്നജം, പ്രോട്ടീൻ, കാൽസ്യം അടങ്ങിയിരിക്കുന്നു.
ഒൗഷധ സന്പന്നം മുക്കിഴങ്ങ്
ഔഷധഗുണങ്ങളാൽ സമ്പന്നമായ മുക്കിഴങ്ങ് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും രക്തം സമ്മർദം കുറയ്‌ക്കാനും, ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ഇതിലടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ ശരീരഭാരം കുറയ്‌ക്കാനും, നല്ല ബാക്‌ടീരിയകളെ വർധിപ്പിക്കാനും സഹായിക്കും. കൂടാതെ ചില ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഘടകങ്ങളും ഇതിലുണ്ട്. പ്രസവരക്ഷയ്‌ക്കായി മുക്കിഴങ്ങ് ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. ഗർഭിണിയാകുമ്പോൾതന്നെ ഇത് ഒരു ചുവടെങ്കിലും വച്ചുപിടിപ്പിക്കുമായിരുന്നത്രേ.










0 comments