ad
Deshabhimani

ചുട്ടുപൊള്ളുന്നു

കനത്ത വെയിലിൽനിന്ന് രക്ഷ നേടാൻ ഷാൾ കൊണ്ട് തല മറച്ച് പോകുന്നവർ. ആലപ്പുഴ കലക്ടറേറ്റിന് സമീപത്തുനിന്നുള്ള കാഴ്ച
avatar
അഞ്ജുനാഥ്‌

Published on Apr 18, 2026, 01:22 AM | 2 min read

ആലപ്പുഴ

ചുട്ടുപൊള്ളുകയാണ്‌ ജില്ല. വേനൽ ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ മിക്കദിവസങ്ങളിലും 36 ഡിഗ്രിക്ക്‌ മുകളിലാണ്‌ ചൂട്‌. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുതന്നെ കൂടിയ ശരാശരി ചൂട്‌ രേഖപ്പെടുത്തിയ ജില്ല ആലപ്പുഴയാണ്‌. ശരാശരി താപനില 37.2 ഡിഗ്രി വരെയെത്തി. ഉയർന്ന അൾട്രാ വയലറ്റ്‌ സൂചികയുമുണ്ട്‌. ഒന്പതുവരെ സൂചിക എത്തിയതോടെ വെയിലേൽക്കുന്നത്‌ വളരെയധികം അപകടമായിരിക്കുകയാണ്‌. ​സൂക്ഷിക്കണം 
സൂര്യാതപത്തെ ചൂട്‌ കൂടുന്നതിനാൽ സൂര്യാതപത്തെ വളരെയധികം സൂക്ഷിക്കണമെന്ന്‌ ആലപ്പുഴ ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഡർമറ്റോളജിസ്‌റ്റ്‌ ഡോ. വി ബിന്ദു പറയുന്നു. 2026ൽ ഇതുവരെ രണ്ടുപേർ വെയിൽകൊണ്ട്‌ പൊള്ളലേറ്റ്‌ ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തിയിട്ടുണ്ട്‌. ഇത്‌ വളരെയധികം അപകടകരമായ അവസ്ഥയാണ്‌. ചൂടിനാൽ ഉണ്ടാകുന്ന ചർമ രോഗങ്ങൾ ഇത്തവണ കൂടുതലാണ്‌. വെയിൽ കൊള്ളുന്ന ഭാഗങ്ങൾ ചെറുതായി ചുവന്ന്‌ തടിച്ചുവരുന്ന ‘ഫോട്ടോ ഡെർമറ്റൈസിസ്‌’ എന്ന ചർമ രോഗം വർധിക്കുകയാണ്‌. ഡ്രൈവർമാർ, ഫീൽഡ്‌ വർക്കർമാർ, തൊഴിലാളികൾ തുടങ്ങിയവരാണ്‌ ഇത്തരം അസുഖവുമായി ചികിത്സയ്‌ക്ക്‌ എത്തുന്നവരിൽ അധികവും. ചൂടിനെ ചെറുക്കാൻ ധാരാളം വെള്ളം കുടിക്കണം, പുറത്തിറങ്ങുന്പോൾ ശരീരത്തിൽ വെയിൽ നേരിട്ട്‌ പതിക്കുന്നത്‌ ഒഴിവാക്കണം. ജോലിയിലും മറ്റും സർക്കാർ സംവിധാനങ്ങൾ പുറപ്പെടുവിച്ച നിർദേശങ്ങളും പാലിക്കണം. ​കുഴൽക്കിണറുകൾ ഓരുവെള്ള ഭീഷണിയിൽ മൂവാറ്റുപുഴയാറും പന്പയാറുമാണ്‌ ജില്ലയുടെ ദാഹമകറ്റുന്ന നദികൾ. മൂവാറ്റുപുഴയാറ്റിലെ വെള്ളം എറണാകുളം ജില്ലയിലെ പിറവം കളന്പൂരിൽനിന്ന്‌ പൈപ്പ്‌ ലൈനിലൂടെ തൈക്കാട്ടുശേരി പഞ്ചായത്തിലെ 10.7 കോടി ലിറ്റർ ശേഷി ശുദ്ധീകരണശാലയിലെത്തിച്ച്‌ ശുദ്ധീകരിച്ചാണ്‌ ചേർത്തല മുനിസിപ്പാലിറ്റിയിലും സമീപത്തുള്ള 18 പഞ്ചായത്തുകളിലുമായി വിതരണം ചെയ്യുന്നത്‌. പന്പാനദിയിലെ വെള്ളം കടപ്രയിലെ 0.62 കോടി ലിറ്റർ ശേഷി ശുദ്ധീകരണശാലയിലെത്തിച്ച്‌ ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റിയിലും പുറക്കാട്‌, അന്പലപ്പുഴ തെക്ക്‌, അന്പലപ്പുഴ വടക്ക്‌, പുന്നപ്ര തെക്ക്‌, പുന്നപ്ര വടക്ക്‌, ആര്യാട്‌, മാരാരിക്കുളം തെക്ക്‌, മണ്ണഞ്ചേരി പഞ്ചായത്തിലുമാണ്‌ ഇവിടെനിന്ന്‌ ജലം വിതരണം ചെയ്യുന്നത്‌. ഇതുകൂടാതെ 44 കുഴൽക്കിണറുകളിൽനിന്നുള്ള വെള്ളവും ഉപയോഗിക്കുന്നു. നിലവിൽ ജില്ലയിൽ കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങളില്ലെന്ന്‌ ജല അതോറിറ്റി അധികൃതർ പറഞ്ഞു. എന്നാൽ, ചൂട്‌ കൂടുന്നതിനാൽ ഭൂജലനിരപ്പ്‌ താഴുന്നത്‌ പ്രശ്‌നമായേക്കുമെന്ന ആശങ്കയുണ്ട്‌. ജലനിരപ്പ്‌ കൂടുതൽ താഴ്‌ന്നാൽ കുഴൽക്കിണറുകളിൽ ഉപ്പുരസമുണ്ടാകും. ഇത്‌ ജലവിതരണത്തെ ബാധിക്കും. ആര്യാട്‌, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്‌ പഞ്ചായത്തുകളിലാണ്‌ ആശങ്കയുള്ളത്‌. ​വേനൽമഴ തുണച്ചില്ല വേനൽച്ചൂടിന്‌ ആശ്വാസമായെത്തുന്ന വേനൽമഴ ഇക്കുറി ജില്ലയിൽ കാര്യമായി ലഭിച്ചില്ല. മാർച്ച്‌ ഒന്നു മുതൽ ഏപ്രിൽ 12 വരെ കണക്കനുസരിച്ച്‌ ഇത്തവണ 30 ശതമാനത്തിന്റെ കുറവാണ്‌ വേനൽമഴയിൽ ഉണ്ടായത്‌. ഇക്കാലയളവിൽ സാധാരണ ലഭിക്കേണ്ടത്‌ 94.7 മില്ലിമീറ്റർ മഴയാണ്‌. എന്നാൽ ഇത്തവണ 66.1 മില്ലിമീറ്റർ മാത്രമാണ്‌ ലഭിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home