ഓൺലൈൻ തട്ടിപ്പ്
കണ്ടല്ലൂർ സ്വദേശിയിൽനിന്ന് കാൽക്കോടി കവർന്ന പ്രതി റിമാൻഡിൽ

സത്യനാരായണൻ
ആലപ്പുഴ
ഓഹരി വിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്‌ത് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽനിന്ന് കാൽക്കോടി തട്ടിയെ കേസിൽ തമിഴ്‌നാട് സ്വദേശി റിമാൻഡിൽ. പരാതിക്കാരനിൽനിന്ന് തട്ടിയ പണമെത്തിയ അക്കൗണ്ട് ഉടമ തമിഴ്നാട് കാഞ്ചീപുരം ഇഞ്ചമ്പാക്കം പിള്ളയാർ കോവിൽ സ്ട്രീറ്റിൽ സത്യനാരായണനെയാണ് (60) ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തത്. തട്ടിപ്പുകാർ സമൂഹമാധ്യമത്തിൽ സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് തെറ്റിധരിപ്പിച്ചു. തുടർന്ന് വ്യാജ ട്രേഡിങ് ആപ്ലിക്കേഷനിൽ അക്കൗണ്ട് ആരംഭിപ്പിച്ച ശേഷം പണം നിക്ഷേപിപ്പിക്കുകയായിരുന്നു. പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ജൂൺമുതൽ രണ്ടുമാസത്തിനിടെ 25.5 ലക്ഷം രൂപ പരാതിക്കാരൻ കൈമാറി. അയച്ച പണം ആപ്പിലെ അക്കൗണ്ടിൽ കാണിക്കാതെ വന്നതോടെ 28 ലക്ഷം കൂടി അയച്ചുതന്നാൽ മുഴുവൻ പണവും ഇരട്ടിയായി നൽകാമെന്ന് വാഗ്‌ദാനംനൽകി. തട്ടിപ്പാണെന്ന് ബോധ്യമായതോടെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയും ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എൻ രഞ്‌ജിത്ത് കൃഷ്‌ണന്റെ ഉത്തരവിലൂടെ നഷ്‌ടമായ 11 ലക്ഷം തിരികെ ലഭിച്ചു. വിവിധ അക്കൗണ്ടുകളിൽ കണ്ടെത്തിയ കൂടുതൽ തുക തിരികെ കിട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഷ്‌താഖ് ബക്കീർ നേരത്തെ പിടിയിലായിരുന്നു. പൊലീസ് സംഘം ചെന്നൈയിൽ നടത്തിയ അന്വേഷണത്തിൽ സമാനമായ കേസിൽ പ്രതി തമിഴ്നാട് പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിലാണെന്ന് കണ്ടെത്തി. ആന്ധ്രപ്രദേശ്, കർണാടക, പഞ്ചാബ്, രാജസ്‌ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ഡൽഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്‌ഥാനങ്ങളിലായി സത്യനാരായണനെതിരെ 23 പരാതികളുണ്ട്. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ വി എസ് ശരത്ചന്ദ്രൻ, അസി. സബ് ഇൻസ്‌പെക്‌ടർ എം അജയകുമാർ, സിപിഒമാരായ എസ് ആർ ഗിരീഷ്, കെ റികാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.










0 comments