വായിച്ചറിഞ്ഞും പകർന്നും...

മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി വായനദിനാചരണവും പി എൻ പണിക്കർ അനുസ്മരണവും പ്രൊഫ. ആർ അജിത്ത് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് പി എൻ പണിക്കരുടെ സ്‌മരണ പുതുക്കി നാടെങ്ങും വായനാദിനം സമുചിതം ആചരിച്ചു. ജില്ലാ ഭരണകേന്ദ്രം പിആർഡി, സാക്ഷരതാ മിഷൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല വായനദിനാഘോഷവും വായനമാസാചരണവും കലക്‌ടർ ഷാജി വി നായർ ഉദ്‌ഘാടനംചെയ്‌തു. പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അധ്യക്ഷയായി. ‘സമകാലിക ലോകക്രമവും വായനയുടെ പ്രസക്തിയും’ എന്ന വിഷയത്തിൽ കവിയും ചിത്രകാരനുമായ എം ആർ രേണുകുമാർ പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ നെടുമുടി ഹരികുമാർ പി എൻ പണിക്കർ സ്‌മൃതിപ്രഭാഷണം നടത്തി. ചടങ്ങിൽ നെടുമുടി ഹരികുമാർ, എം ആർ രേണുകുമാർ എന്നിവരെ കലക്‌ടർ പൊന്നാടയണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മനീഷ് പുറക്കാട്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ദീപ ജെയിംസ്, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ, ജില്ലാ വർക്കിങ് പ്രസിഡന്റ് കെ നാസർ, ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര എന്നിവർ സംസാരിച്ചു.
കായംകുളം പത്തിയൂർ പഞ്ചായത്ത് പി എൻ പണിക്കർ അനുസ്‌മരണവും വായനദിനാചരണവും പഞ്ചായത്ത് ഹൈസ്‌കൂളിൽ പ്രസിഡന്റ് കെ ബി പ്രശാന്ത് ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ ജി ഹരികുമാർ അധ്യക്ഷനായി. സാഹിത്യകാരൻ രാമപുരം ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. കൃഷ്‌ണപുരം മുക്കട കെപിഎസി സുലോചന വായനശാല ആന്‍ഡ് ഗ്രന്ഥശാലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വേലഞ്ചിറ ജനശക്തി പബ്ലിക് സ്‌കൂളിൽ പ്രൊഫ. എസ് ഗോപാലകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പൽ ആർ സജീവ് അധ്യക്ഷനായി. കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ ‘ഒരു പുസ്‌തകം ഒരുപുതിയ ലോകം 'എന്ന പേരില്‍ വായനദിനം ആചരിച്ചു.
കാർത്തിപ്പള്ളി മുതുകുളം കലാവിലാസിനി വായനശാലയും മുതുകുളം കെ വി സംസ്‌കൃത എച്ച്എസ്എസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റും ചേർന്ന് വായനദിനാചരണവും പി എൻ പണിക്കർ അനുസ്‌മരണവും സംഘടിപ്പിച്ചു. വിദ്യാർഥികൾ ശേഖരിച്ച പുസ്‌തകങ്ങൾ സ്‌കൂൾ ലൈബ്രറിയിലേക്ക് പ്രിൻസിപ്പൽ എസ് കൃഷ്‌ണകുമാരി ഏറ്റുവാങ്ങി. പി എൻ പണിക്കർ അനുസ്‌മരണം മുതുകുളം മേഖലാ ലൈബ്രറി നേതൃസമിതി കൺവീനർ തോമസ് വർഗീസ് ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് ആർ വിദ്യ അധ്യക്ഷയായി. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പി എൻ പണിക്കർ അനുസ്‌മരണവും വായനവാരാചരണവും സെക്രട്ടറി പ്രൊഫ. ആർ അജിത്ത് ഉദ്ഘടനംചെയ്‌തു. കെ വിശ്വപ്രസാദ് അധ്യക്ഷനായി. കെ സോമനാഥൻനായർ മുഖ്യപ്രഭാഷണം നടത്തി. മുതുകുളം വടക്ക് ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് വായനശാല വായനാദിനാചരണവും പി എൻ പണിക്കർ അനുസ്‌മരണവും നടത്തി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ സെക്രട്ടറി എസ് മഹാദേവൻപിള്ള അധ്യക്ഷനായി. മുതുകുളം വടക്ക് ബാപ്പുജി സ്‌മാരക ഗ്രാമീണ വായനശാലയും ഐശ്വര്യപ്രദായിനി യുപിഎസും ചേർന്ന് പി എൻ പണിക്കർ അനുസ്‌മരണവും വായനദിനാചരണവും സംഘടിപ്പിച്ചു. പത്തിയൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൗമ്യ ശ്യാം ഉദ്ഘാടനംചെയ്‌തു. പ്രഥമാധ്യാപിക വിജയശങ്കർ അധ്യക്ഷയായി. കെ അജയകുമാർ പി എൻ പണിക്കർ അനുസ്‌മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി ആരംഭിച്ച കുഞ്ഞുവായന പദ്ധതി വായനശാലാ പ്രസിഡന്റ് പി സി അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ചിങ്ങോലി 1887- നമ്പർ സർവീസ് സഹകരണബാങ്കിന് കീഴിലെ സഹകരണ വായനശാലയിൽ വായനദിനാചരണവും സ്‌കൂൾക്കുട്ടികൾക്കുള്ള ക്വിസ്‌മത്സരവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കെ വിശ്വപ്രസാദ് ഉദ്ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് കെ ശ്രീകുമാർ അധ്യക്ഷനായി.
ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ഗവ. എല്‍പി സ്‌കൂളിൽ വായനദിനത്തിൽ സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. വായനാവാരാചരണം വാർഡ് മെമ്പർ സി ബിനു ഉദ്ഘാടനംചെയ്‌തു. എഴുത്തുകാരി ഡോ. പ്രിയ ദേവദത്ത് വായനദിന സന്ദേശം നല്‍കി. കരുവാറ്റാ എൻഎസ്എസ് ഗേൾസ് ഹൈസ്‌കൂളിൽ സാഹിത്യകാരൻ സുരേഷ് മണ്ണാറശാല ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് പി ടി മധു അധ്യക്ഷനായി. മണ്ണാറശാല യുപി സ്‌കൂളിൽ വായന മാസാചരണവും വിദ്യാരംഗം കലാ-സാഹിത്യ വേദി പ്രവർത്തനോദ്ഘാടനവും ശെൽവറാണി വേണു ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് വേണു സരിഗ അധ്യക്ഷനായി.










0 comments