അങ്കണവാടി ജീവനക്കാരോട് കേന്ദ്രത്തിന്റെ ചതി
പോഷൺ അഭിയാൻ പദ്ധതി: നൽകാനുള്ളത് 2.85 കോടി


സ്വന്തം ലേഖകൻ
Published on Jul 13, 2026, 03:06 AM | 1 min read
ആലപ്പുഴ
കുട്ടികൾക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ഉറപ്പാക്കാനുള്ള പോഷൺ അഭിയാൻ പദ്ധതിയിൽ കേന്ദ്രസർക്കാര്‍ ജില്ലയിലെ അങ്കണവാടി ജീവനക്കാര്‍ക്ക് വിതരണം ചെയ്യാനുള്ളത് 2.85 കോടി രൂപ. കൈയിൽനിന്ന് പണംമുടക്കി നിബന്ധനകള്‍ കൃത്യമായി പാലിച്ചിട്ടും ഇൻസെന്റീവ് ഇനത്തിൽ 86 മാസത്തിൽ 62 മാസവും കുടിശ്ശികയാണ്. വർക്കർമാർക്ക് 1,76,80,000 രൂപയും ഹെൽപ്പർമാർക്ക് 85,14,000 രൂപയുമാണ് നൽകാനുള്ളത്. പദ്ധതിയിലെ സാമൂഹ്യാധിഷ്‍ഠിത പ്രോഗ്രാമിൽ (സിബിഇ) 23,49,750 രൂപയും കുടിശ്ശികയാണ്. സിബിഇ പ്രകാരം കൈയിൽനിന്ന് പണമെടുത്ത് മാസം രണ്ട് ബോധവൽക്കരണ പരിപാടി നടത്തണം. ഇത് പിന്നീട് തിരികെ നൽകും. ഇതുപോലും തിരികെ ലഭിക്കാതെ നട്ടംതിരിയുകയാണ് ജീവനക്കാർ. ഫെബ്രുവരിയിൽ 5,94,250 രൂപയും മാർച്ചിൽ 7,69,750 രൂപയും ഏപ്രിലിൽ 9,85,750 രൂപയുമാണ് കുടിശ്ശിക. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് വിഹിതം പങ്കുവയ്‌ക്കുന്നത്. എൽഡിഎഫ് സര്‍ക്കാര്‍ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൃത്യമായി നൽകിയെങ്കിലും കേന്ദ്രം വിഹിതം നൽകിയില്ല. നവജാതശിശുക്കള്‍ മുതൽ ആറുവയസുവരെയുള്ള കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കൗമാരക്കാരായ പെൺകുട്ടികളുമാണ് പദ്ധതിയുടെ പരിധിയിൽവരുന്നത്. കുട്ടികളുടെ ഉയരം, ഭാരം തുടങ്ങിയ വളര്‍ച്ചനിരീക്ഷണം നടത്തി മാസംതോറും പോഷൺ ട്രാക്കിൽ രേഖപ്പെടുത്തണം. 60 മുതൽ 80 ശതമാനമെങ്കിലും പൂര്‍ത്തിയാക്കിയാലേ ഇൻസെന്റീവിന് അര്‍ഹതയുള്ളൂ. ഗുണഭോക്താക്കളുടെ ഭവനസന്ദര്‍ശനം നടത്തണം. 21 ദിവസം അങ്കണവാടി തുറന്നിരിക്കണം. പോഷകാഹാരങ്ങള്‍ ലഭ്യമാക്കണം. മാനദണ്ഡങ്ങളെല്ലാം പാലിച്ചെങ്കിലേ വര്‍ക്കര്‍മാര്‍ക്ക് 500 രൂപയും ഹെൽപ്പര്‍മാര്‍ക്ക് 250 രൂപയും പ്രതിമാസ ഇൻസെന്റീവിന് അര്‍ഹതയുള്ളു.










0 comments