കടലാക്രമണ ഭീതിയിൽ കുടുംബം
മണൽക്കവചമൊരുക്കാതെ രാഷ്‌ട്രീയപ്പക

പകുതിയോളം ഭാഗം കടലെടുത്ത വീടിനുപിന്നിൽ സദാനന്ദൻ
ഹരിപ്പാട്
ആറാട്ടുപുഴ പഞ്ചായത്തിൽ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ മണൽച്ചിറ കെട്ടി താത്ക്കാലിക സംരക്ഷണം നൽകുന്ന പദ്ധതിയിൽ അർഹരായ കുടുംബത്തെ ഒഴിവാക്കിയതായി പരാതി. വീടിന്റെ ഒരു ഭാഗം കടലെടുത്ത 19–ാം വാർഡ് വലിയകടവിൽ പടീറ്റതിൽ സദാനന്ദന്റെ കുടുംബത്തെയാണ് ഒഴിവാക്കിയത്. കടൽഭിത്തി ദുർബലമായ പ്രദേശങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടുകളുടെ പിന്നിൽ ഒന്നരമീറ്റർ ഉയരത്തിൽ മണൽ കൂനകളുണ്ടാക്കുന്ന പ്രവൃത്തി യുഡിഎഫ് ഭരിക്കുന്ന ആറാട്ടുപുഴ പഞ്ചായത്ത് നടത്തിയിരുന്നു. നിരന്തര കടലാക്രമണമാണിവിടെ. സിന്ധുഭവനത്തിൽ രാധയുടെ വീട് പൂർണമായും വലിയകടവിൽ പടീറ്റതിൽ സദാനന്ദന്റെ വീടിന്റെ പകുതി ഭാഗവും കുളിമുറി, ശുചിമുറി എന്നിവയും കടലെടുത്തിരുന്നു. സദാനന്ദനും ഭാര്യയും മകളും താമസിക്കുന്നത് അടിത്തറയുടെ പകുതി മണ്ണൊലിച്ചുപോയ വീട്ടിലാണ്. പഞ്ചായത്ത് താത്ക്കാലിക പ്രതിരോധ നടപടി സ്വീകരിച്ചപ്പോൾ സദാനന്ദന്റെ വീട് ഒഴിവാക്കി. പകരം പുനർഗേഹം പദ്ധതിയിൽ 10 ലക്ഷംരൂപ വാങ്ങി സുരക്ഷിതമേഖലയിൽ പുതിയ വീടുവച്ചവർ ഉപേക്ഷിച്ചുപോയ ആൾത്താമസമില്ലാത്ത വീടിനുപിന്നിൽ മണൽച്ചിറയുണ്ടാക്കി. കുടുംബം ഇടതുപക്ഷ അനുഭാവികളായെന്ന ഒറ്റക്കാരണത്താലാണ് പഞ്ചായത്തംഗത്തിന്റെയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തീരസംരക്ഷണ നടപടികളിൽനിന്ന് തങ്ങളെ ഒഴിവാക്കിയതെന്നും ഈ വിവേചനത്തിനെതിരെ അധികൃതർക്ക് പരാതി നൽകുമെന്നും സദാനന്ദനും ഭാര്യ സുലജയും പറഞ്ഞു.










0 comments