ശുചിമുറിമാലിന്യ സംസ്‌കരണ പ്ലാന്റ്
5 ലക്ഷം ലിറ്റർ മാലിന്യം സംസ്‌കരിച്ചു

ചേർത്തല
മന്ത്രി എം ബി രാജേഷ് മാർച്ച് 28ന് ഉദ്ഘാടനംചെയ്‌ത ചേർത്തല നഗരസഭാ ശുചിമുറിമാലിന്യ സംസ്‌കരണ പ്ലാന്റിൽ ഇതിനകം അഞ്ചുലക്ഷം ലിറ്റർ മാലിന്യം സംസ്‌കരിച്ചു. പരീക്ഷണ പ്രവർത്തനങ്ങൾക്കുശേഷം മെയ് ആറിനാണ് പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത്. 90 ടാങ്കറുകളിൽ എത്തിച്ച 5,33,000 ലിറ്റർ ശുചിമുറിമാലിന്യമാണ് പ്ലാന്റിൽ സംസ്‌കരിച്ചത്. ജലാശയങ്ങളിലും പാതയോരങ്ങളിലും നിക്ഷേപിക്കുന്ന 90 വണ്ടി സെപ്റ്റിക് ടാങ്ക് മാലിന്യം ശേഖരിച്ച് സുരക്ഷിതമായി സംസ്‌കരിക്കാനായത് പരിസ്ഥിതി സംരക്ഷണത്തിൽ വലിയ ഇടപെടലാണെമെന്നും പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ പറഞ്ഞു. പ്ലാന്റിൽ എത്തിക്കുന്ന ശുചിമുറിമാലിന്യത്തിൽ 9000 മുതൽ 17,000 വരെ ബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്(ബിഒഡി) അടങ്ങിയതായാണ് പരിശോധനകളിലെ കണ്ടെത്തൽ. ജലമാലിന്യത്തിൽ പ്രധാനമായ ബിഒഡി അളവിനെ ശുദ്ധീകരണത്തിലൂടെ 13 ആയി താഴ്‌ത്താൻ പ്ലാന്റിനായെന്ന് നടത്തിപ്പിന് നേതൃത്വംനൽകുന്ന അയോണെക്‌സ് കമ്പനി പ്രതിനിധി രംഗനാഥൻ കൃഷ്‌ണൻ പറഞ്ഞു. മലിനീകരണനിയന്ത്രണ ബോർഡ് നിലവാരം അനുസരിച്ച് ജലം കാർഷിക–-വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗയോഗ്യമാണ്.










0 comments