ഇനിയില്ല ദ്വീപിന് ദുരിതകാലം

ഗോകുൽ ഗോപി
Published on Mar 07, 2026, 01:32 AM | 1 min read
പെരുമ്പളം
അക്കരയിലെ വെളിച്ചെത്തിലെത്താനുള്ള ഓട്ടത്തിൽ നഷ്‌ടമായത് അമ്മയെയാണ്. ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാനാകാത്തതിനാൽ മരണത്തിന് കീഴടങ്ങിയ തീരാനഷ്‌ടം. നിമിഷങ്ങൾക്ക് പ്രാണനോളം വിലയുണ്ടെന്ന് മനസിലാക്കിയ രാത്രിയിൽ അനുഭവിച്ച യാതനകളെക്കുറിച്ച് പുറംലോകത്തോട് തുറന്നുപറയുമ്പോഴേക്കും കണ്ണുനിറയും. പെരുമ്പളം തെക്ക് സ്വദേശികളായ പി വി വിനയചന്ദ്രനും സഹോദരി പി വി വിജിത ചന്ദ്രനും യാത്രാസൗകര്യത്തിന്റെ പോരായ്‌കൾ നഷ്‌ടമാക്കിയത് മാതൃവാത്സല്യത്തെയാണ്. ദ്വീപിലെ അങ്കണവാടി അധ്യാപികയായിരുന്ന അംബികാദേവി 2016 ഫെബ്രുവരി 13നാണ് പാമ്പുകടിയേറ്റ് മരിച്ചയത്. പതിവുപോലെ വൈകിട്ട് 6.30ന് അമ്പലത്തിൽ പോയ അമ്മയുടെ കരച്ചിൽ കേട്ടാണ് മകൻ വിനയൻ ഓടിയെത്തിയത്. പാന്പുകടിയേറ്റ് തറയിൽ ബോധരഹിതയായി കിടക്കുന്ന അംബികാദേവിയെ അയൽവാസികളുടെ സഹായത്തോടെ ദ്വീപിലെ സർക്കാർ ആശുപത്രിയിലെത്തിച്ചു. മൂക്കിൽനിന്നും വായിൽനിന്നും രക്തം വരികയും രക്തം ഛർദിക്കുകയും ചെയ്‌തതോടെ ആരോഗ്യനില കൂടുതൽ മോശമായി. വിദഗ്‌ധചികിത്സയ്‌ക്ക് എറണാകുളത്തെ ആശുപത്രിയിലെത്തിക്കാൻ ബോട്ടിന് പാണാവള്ളി സ്‌റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ രാത്രി എട്ടിന് പെരുമ്പളത്ത് എത്തേണ്ട ബോട്ട് പൂത്തോട്ടയിൽനിന്ന് പുറപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ജെട്ടിയിൽ നിർത്താതെ മുഴുവൻ യാത്രക്കാരെയും വാത്തികാട് ജെട്ടിയിൽ ഇറക്കി അതെ ബോട്ടിൽ അംബികാദേവിയെ ജീവനക്കാർ പൂത്തോട്ടയിലെത്തിച്ചു. രാത്രി 8.30ന് തൃപ്പൂണിത്തുറയിലെയും പിന്നീട് എറണാക്കുളത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പിറ്റേന്ന് പകൽ 11.45ന് അംബികാദേവി മരിച്ചു. ‘ കൃത്യസമയത്ത് ചികിത്സ നൽക്കാൻ കഴിയാത്തതിന്റെ കുറ്റബോധത്തിലായിരുന്നു പിന്നീടുള്ള ദിനങ്ങൾ തള്ളിനീക്കിയത്. ഉറ്റവരെ നഷ്‌ടപ്പെട്ടുപോയത്തിന്റെ സങ്കടക്കടലിൽനിന്ന് കരകയറാൻ സാധിക്കാതെ ഒരുപാടുപേരുണ്ട് ദ്വീപിൽ. അവർക്കും മരണത്തിന് കീഴടങ്ങിയവർക്കുമുള്ള കാലത്തിന്റെ കാവ്യനീതികൂടിയാണ് പെരുമ്പളം പാലം’. വിനയചന്ദ്രൻ ദേശാഭിമാനിയോട് പറഞ്ഞു.










0 comments