ad
Deshabhimani

റെയിൽവേ സ്‌റ്റേഷൻ റോഡ്‌ അടച്ചു

യാത്രക്കാർ നരകയാതനയിൽ

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലേക്കുള്ള റോഡ്‌ അടച്ച നിലയിൽ
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 01:19 AM | 1 min read

ആലപ്പുഴ

റെയിൽവേ സ്‌റ്റേഷനിലേക്കുള്ള റോഡ്‌ നവീകരണത്തിന്റെ ഭാഗമായി അടച്ചതോടെ യാത്രക്കാർ നരകയാതനയിൽ. സ്‌റ്റേഷന്റെ വടക്കുഭാഗത്ത്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള റോഡാണ്‌ 45 ദിവസത്തേക്ക്‌ അടച്ചത്‌. ഇതോടെ സ്വകാര്യബസുകൾക്ക്‌ സ്‌റ്റേഷനിലേക്ക്‌ എത്താൻ വഴിയില്ലാതായി. ആലപ്പുഴ പട്ടണത്തിൽനിന്നുള്ളവർ വളരെദൂരം ചുറ്റിക്കറങ്ങി വേണം തെക്കുഭാഗത്തെ കവാടത്തിലൂടെ സ്‌റ്റേഷനിലെത്താൻ. കലക്‌ടറേറ്റിന്‌ തെക്കുഭാഗത്തുകൂടി ചുറ്റിക്കറങ്ങിയാണ്‌ മിക്കവരും എത്തുന്നത്‌. വനിതാ പൊലീസ്‌ സ്‌റ്റേഷന്‌ സമീപത്തുകൂടി പോകാമെങ്കിലും ഇടുങ്ങിയ റോഡായതിനാൽ ബുദ്ധിമുട്ടാണ്‌. ഓട്ടോറിക്ഷകൾക്ക്‌ മാത്രമേ ഇതിലൂടെ സുഗമമായി പോകാനാകൂ. സ്‌റ്റേഷനിലേക്ക്‌ പോകാൻ തെക്കുള്ള തിരുവന്പാടി ഇഎസ്‌ഐ ആശുപത്രി റോഡ്‌ ഉപയോഗിക്കണമെന്നാണ്‌ റെയിൽവേയുടെ നിർദേശം. അടുത്തിടെ സ്‌റ്റേഷൻ സന്ദർശിച്ച റെയിൽവേ ഡിവിഷണൽ മാനേജരുടെ നിർദേശത്തെതുടർന്നാണ്‌ റോഡ്‌ നിർമാണത്തിന്‌ നടപടിയായത്‌. റോഡ്‌ കോൺക്രീറ്റ്‌ ചെയ്യാനായിരുന്നു നിർദേശം. വ്യാഴാഴ്‌ചയാണ്‌ റോഡ്‌ അടച്ചത്‌. മഴക്കാലത്ത്‌ ജോലികൾ നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌. 2025ലും റോഡ്‌ അടച്ച്‌ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും തകർന്നു. 45 ദിവസത്തിനുള്ളിൽ പണിപൂർത്തിയാക്കാനാണ്‌ നിർദേശമെങ്കിലും റെയിൽവേയുടെ ഇതുവരെയുള്ള ജോലികളുടെ അവസ്ഥ നോക്കിയാൽ എന്ന്‌ തീരുമെന്ന്‌ അറിയില്ല. റോഡിന്‌ സമാന്തരമായി സ്‌റ്റേഷൻ വരെയുള്ള ഓട നിർമാണവും പൂർത്തിയാകാത്തതിനാൽ മഴ ശക്തമായാൽ സ്‌റ്റേഷനിൽ വെള്ളക്കെട്ടും ഉണ്ടായേക്കാം. അമൃത്‌ ഭാരത്‌ പദ്ധതിയിൽ ആറ്‌ മാസം കൊണ്ട്‌ തീർക്കാൻ ലക്ഷ്യമിട്ട്‌ 2023 അവസാനം ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല. കരാറുകാരും റെയിൽവേയും തമ്മിൽ ഇടയുന്നതിനാൽ ജോലികൾ പലപ്പോഴും സ്‌തംഭിക്കുകയാണെന്ന്‌ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home