8 കോടിയുടെ ഓൺലൈൻ തട്ടിപ്പ്
തട്ടിയെടുത്തതിൽ 75 ലക്ഷം മരവിപ്പിച്ചു

ആലപ്പുഴ
ഓഹരി വിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്‌ത് ഹരിപ്പാട് സ്വദേശിയായ പ്രവാസിയിൽനിന്ന് എട്ടുകോടി രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പുസംഘം കവർന്ന 75 ലക്ഷം രൂപ മരവിപ്പിച്ചു. ജില്ലാ സൈബർ ക്രൈം പൊലീസ് ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി. അവസാനമായി കൈമാറിയ 45 ലക്ഷം രൂപ ഉൾപ്പെടെ കൂടുതൽ തുക വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ സഹായത്തോടെ തട്ടിച്ച പണമെത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതാണ് രീതി. പിന്നീട് കോടതി വഴി പരാതിക്കാരന് പണം ലഭിക്കും. പരാതിക്കാരന്റെ ഫോണിൽനിന്ന് ശേഖരിച്ച വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. അക്കൗണ്ട് വിവരങ്ങൾ തിങ്കളാഴ്‌ചമുതൽ സൈബർ ക്രൈം പൊലീസ് ശേഖരിക്കും. പണമെത്തിയ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മഹാരാഷ്‌ട്ര, ഒഡിഷ, അസം, തമിഴ്‌നാട്, ജാർഖണ്ഡ്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. രാജ്യമാകെ ശൃംഖലകളുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പുകാർ അയച്ചുനൽകിയ വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌താണ് പണം നിക്ഷേപിച്ചത്. പണം പിൻവലിക്കാൻ കഴിയാതായതോടെ വിവരമറിഞ്ഞ് വിദേശത്തുനിന്നെത്തിയ മക്കൾ പ്രവാസിയുടെ ഫോൺ വിവരങ്ങളും ബാങ്ക്‌അക്കൗണ്ട് വിവരങ്ങളും പൊലീസിന് കൈമാറുകയായിരുന്നു. ഹരിപ്പാട് നഗരസഭാ പരിധിയിലെ താമസക്കാരനായ 73കാരനാണ് 2025 സെപ്‌തംബർ 24 മുതൽ ഡിസംബർ 20 വരെ 8,08,81,317 രൂപയാണ് നഷ്‌ടമായത്. തട്ടിപ്പുസംഘത്തെ കണ്ണടച്ച് വിശ്വസിച്ച നാല് അക്കൗണ്ടിൽനിന്നായി 73 തവണയാണ് പണം നൽകിയത്.










0 comments