ad
Deshabhimani

8 കോടിയുടെ ഓൺലൈൻ തട്ടിപ്പ്

പിടിയിലായ തമിഴ്‌നാട്‌ സ്വദേശി റിമാൻഡിൽ

ശബരീഷ് ശേഖർ, ഭാരതിക്കണ്ണൻ 
അംഗമുത്തു

ശബരീഷ് ശേഖർ, ഭാരതിക്കണ്ണൻ 
അംഗമുത്തു

വെബ് ഡെസ്ക്

Published on Jan 30, 2026, 12:24 AM | 1 min read

ആലപ്പുഴ

ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച്‌ വൻലാഭം നേടാമെന്ന്‌ വാഗ്‌ദാനംചെയ്‌ത്‌ ഹരിപ്പാട്‌ സ്വദേശിയായ പ്രവാസിയിൽനിന്ന്‌ എട്ടുകോടി തട്ടിയ കേസിൽ പിടിയിലായ തമിഴ്‌നാട് സ്വദേശി റിമാൻഡിൽ. സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തു (23) വിനെയാണ്‌ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് പ്രിയങ്ക റിമാൻഡുചെയ്‌തത്‌. സേലത്തിന്‌ സമീപം താരാമംഗലം എന്ന സ്ഥലത്തുനിന്ന്‌ തമിഴ്‌നാട്‌ പൊലീസിന്റെ സഹായത്തോടെ ബുധൻ പുലർച്ചെയാണ്‌ പ്രതിയെ അറസ്റ്റുചെയ്‌തത്‌. ഇയാൾക്കെതിരെ കർണാടക, മഹാരാഷ്ട്ര, ജമ്മു കശ്മീർ, തമിഴ്നാട് സംസ്‌ഥാനങ്ങളിലായി 10 പരാതികൾ നിലവിലുണ്ട്. പ്രവാസിയിൽനിന്ന്‌ തട്ടിച്ച പണമെത്തിയ ബാങ്ക്‌ അക്ക‍ൗണ്ടിന്റെ ഉടമകളിൽ ഒരാളാണ്‌ ഭാരതിക്കണ്ണൻ. അക്ക‍ൗണ്ടിന്റെ സഹഉടമ ശബരീഷ് ശേഖറിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളും പൊലീസ്‌ ആരംഭിച്ചു. ഇവരുടെ പേരിലുള്ള കറന്റ്‌ അക്ക‍ൗണ്ടിലേക്ക്‌ പ്രവാസിയിൽനിന്ന്‌ തട്ടിയ തുകയിൽനിന്ന്‌ മൂന്ന്‌ തവണയായി 35.5 ലക്ഷം രൂപയാണ്‌ എത്തിയത്‌. സേലം ജില്ലയിലെ ഓമലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റ് സഹിതം വ്യാഴം പുലർച്ചെ ആലപ്പുഴയിലെത്തിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ മുഖേന ആലപ്പുഴ സൈബർ ക്രൈം പൊലീസ്‌ നടത്തിയ ഇടപെടലിൽ നഷ്‌ടമായ 2.09 കോടി രൂപ മരവിപ്പിച്ചിരുന്നു. തുക പരാതിക്കാരന് കോടതി മുഖേന ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാകുന്നു. ആലപ്പുഴ സൈബർ ക്രൈം സ്‌റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി എസ് ശരത്ചന്ദ്രൻ, സിപിഓമാരായ കെ റികാസ്, ജേക്കബ് സേവ്യർ, എം മിഥുൻനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home