വയലാർ ഗാനതീരത്ത്’ശരച്ചന്ദ്രവർമ
ഇന്ദ്രവല്ലരി പൂത്തു; ചന്ദ്രകളഭമായി മകൻ

ബത്തേരി നന്പിക്കൊല്ലിയിലെ ‘വയലാർ ഗാനതീരത്ത്’ നാട്ടുകാരോട് വിശേഷങ്ങൾ പങ്കിട്ട് വയലാർ ശരച്ചന്ദ്രവർമ

സ്വന്തം ലേഖകൻ
Published on Nov 03, 2026, 01:00 AM | 1 min read
ബത്തേരി
അച്ഛന്റെ ഓർമകളുടെ ‘ഗാനതീരത്തേ’ക്ക് വയലാർ ശരത്‌ചന്ദ്ര വർമ എത്തി. ഞാവൽമരത്തിന്റെ ചുവട്ടിലിരുന്ന് പാട്ടുകൾ പാടി. ചുറ്റും നിറഞ്ഞവർ ഏറ്റുപാടി. ‘വയലാറിന്റെ മടിയിലും തണലിലും ഇരിക്കുന്ന അനുഭൂതിയാണ്’ തനിക്കെന്ന് ചലച്ചിത്ര ഗാനരചയിതാവും കവിയുമായ വയലാർ ശരത്‌ചന്ദ്ര വർമ പറഞ്ഞു.
മലയാളത്തിന്റെ അനശ്വര കവി വയലാർ രാമവർമയുടെ ഓർമക്കായി ബത്തേരി–ഉൗട്ടി അന്തർ സംസ്ഥാനപാതയിലെ നന്പിക്കൊല്ലിയിൽ നാട്ടുകാരൊരുക്കിയ "വയലാർ ഗാനതീരം'–സ്‌മാരകം കാണാനാണ് മകൻ എത്തിയത്.
ഞായർ രാത്രി 8.15ഓടെയായിരുന്നു സന്ദർശനം. വയലാറിന്റെ ഓർമക്കായി നന്പിക്കൊല്ലിയിൽ നാട്ടുകാർ ഗാനതീരം ഒരുക്കി, പ്രിയപ്പെട്ട കവിയുടെ സിനിമ–നാടക ഗാനങ്ങൾ രാവും പകലും കേൾപ്പിക്കുന്ന വാർത്ത ‘ദേശാഭിമാനി’യിലൂടെ അറിഞ്ഞായിരുന്നു വരവ്. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’, ഇന്ദ്രവല്ലരി പൂചൂടി വരും, മാറ്റുവിൻ ചട്ടങ്ങളെ തുടങ്ങിയ ഗാനങ്ങളും നാട്ടുകാർക്കൊപ്പം പാടി. ‘അച്ഛന്റെ മടിയിലിരുന്ന് ആദ്യക്ഷരം എഴുതാൻ എനിക്ക് സാധിച്ചിട്ടില്ല. ഇപ്പോൾ അച്ഛന്റെ മടിയിലിരിക്കുന്ന സുഖമുണ്ട്. വയലാർ ഏറ്റവും അവസാനം എഴുതിയ കവിതയുടെ പേര് ‘വൃക്ഷം’ എന്നാണ്. ആ വൃക്ഷത്തിന്റെ തണലിലാണ് ഇപ്പോൾ ഇരിക്കുന്നത്.’ ഗാനതീരത്തെ മരത്തിന്റെ ചുവട്ടിലിരുന്ന് ശരത്‌ചന്ദ്ര വർമ പറഞ്ഞു. അരമണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്. അച്ഛന്റെ സ്‌മൃതിമണ്ഡപം ഒരുക്കിയ നാട്ടുകാർക്ക് നന്ദി പറഞ്ഞു. ഗാനതീരത്ത് എത്തുന്നവർക്ക് പാട്ടുപാടാൻ മൈക്ക് സെറ്റ് വാങ്ങുന്നതിനുള്ള ധനസഹായവും നൽകി.
രണ്ടുമാസം മുന്പാണ് നന്പിക്കൊല്ലിയിലെ പാതയോരത്ത് വയലാർ സ്‌മൃതിക്കായി നാട്ടുകാർ ഗാനതീരം ഒരുക്കിയത്. ഞാവൽമരത്തിന് ചുറ്റും കോൺക്രീറ്റ് തറയും ഇരിപ്പിടവും നിർമിച്ചു. മരത്തിൽ ഘടിപ്പിച്ച സ്‌പീക്കറിൽനിന്ന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വയലാറിന്റെ സിനിമ–നാടക ഗാനങ്ങൾ കേൾപ്പിക്കും. ഗാനങ്ങളുടെ ആദ്യവരികളും തണലോരത്തിന് ചുറ്റും ആലേഖനംചെയ്‌തിട്ടുണ്ട്.







0 comments