നിരണം ചുണ്ടൻ ജലരാജാവ്

കൊച്ചി കായലിൽ നടന്ന ചമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന നിരണം ചുണ്ടൻ (വലത് )
ആലപ്പുഴ
കേരളത്തിന്റെ തുഴയാവേശത്തെയാകെ ആവാഹിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാംപതിപ്പിൽ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ ജലരാജാവായി. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പത്താംമത്സരത്തില്‍ അട്ടിമറി വിജയവുമായാണ് കിരീടനേട്ടം. തുടര്‍ച്ചയായ ഒമ്പത് വിജയങ്ങളുടെ തിളക്കവുമായിവന്ന വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരത്തിന്റെ അപ്രമാദിത്യമാണ് നിരണം ചുണ്ടന്‍ കടപുഴക്കിയത്. പുന്നമട ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗം മൂന്നാമതെത്തി. സിബിഎല്‍ ചരിത്രത്തില്‍ ആദ്യ ട്രിപ്പിള്‍ ഹാട്രിക് സ്വപ്‌നത്തിലേക്ക് തുഴഞ്ഞെത്തിയ വീയപുരത്തിന് കൊച്ചിക്കായലില്‍ അടിതെറ്റി. മൈക്രോ സെക്കൻഡുകള്‍ക്കപ്പുറമായിരുന്നു നിരണത്തിന്റെ വിജയപ്പാട് (4:10:064 മിനിറ്റ്). അവസാന ഒരിഞ്ച് ദൂരത്തിലാണ് വീയപുരം മത്സരം കൈവിട്ടത് (4:10:119 മിനിറ്റ്). ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയ നടുഭാഗത്തിന് അവസാന പത്തുമീറ്ററില്‍ ഫിനിഷ് ലൈന്‍ എത്തിപ്പിടിക്കാനായില്ല (4:11:159 മിനിറ്റ്). സംസ്ഥാന ടൂറിസംവകുപ്പ് സംഘടിപ്പിപ്പിക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗിൽ പത്തനംതിട്ട ജില്ലയില്‍നിന്നുള്ള ഒരു ചുണ്ടന്‍ ചാമ്പ്യന്മാരാകുന്നത് ആദ്യമായാണ്. ഒന്നാംസ്ഥാനക്കാര്‍ക്ക് അഞ്ചുലക്ഷം രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് മൂന്നുലക്ഷവും മൂന്നാംസ്ഥാനക്കാര്‍ക്ക് ഒരുലക്ഷവുമാണ് സമ്മാനം. മന്ത്രി പി രാജീവ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷനായി. മേയര്‍ വി കെ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍, കലക്ടര്‍ ജി പ്രിയങ്ക, സബ് കലക്ടര്‍ ജി സായ്‌കൃഷ്ണ, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സിബിഎല്‍ നോഡല്‍ ഓഫീസർ ടി ജി അഭിലാഷ്, സംസ്ഥാന കോ-–ഓര്‍ഡിനേറ്റര്‍ ഡോ. എ അന്‍സാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജി ശ്രീകുമാര്‍, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.










0 comments