ad
Deshabhimani

യുഡിഎഫ്‌ മുടക്കി; എൽഡിഎഫ്‌ തെളിച്ചു

31,700 വീട്ടിൽ പ്രകൃതിവാതകം

ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് സിറ്റി ഗ്യാസിന്റെ പൈപ്പ് ലൈൻ 
ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ (ഫയൽ ചിത്രം)

ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് സിറ്റി ഗ്യാസിന്റെ പൈപ്പ് ലൈൻ 
ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ (ഫയൽ ചിത്രം)

avatar
ഫെബിൻ ജോഷി

Published on Mar 26, 2026, 12:35 AM | 1 min read

ആലപ്പുഴ

പ്രതിസന്ധിയുടെ ദുരിതകാലത്തും സിറ്റി ഗ്യാസ്‌ പദ്ധതിയുടെ കരുത്തിൽ ആശങ്കകളില്ലാതെ ജില്ലയിലെ 31,700 അടുക്കളകളിൽ തീ പുകയുന്നുണ്ട്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉപേക്ഷിച്ച പദ്ധതിയ്‌ക്ക്‌ എൽഡിഎഫ്‌ സർക്കാർ ജീവൻ നൽകിയതോടെയാണ്‌ സാധാരണക്കാർക്ക്‌ കുറഞ്ഞ ചെലവിൽ പൈപ്പുകളിലുടെ ഗ്യാസ്‌ ലഭ്യമാകുന്ന സിറ്റി ഗ്യാസ്‌ പദ്ധിതി യാഥാർഥ്യമായത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ഗാർഹിക കണക്ഷനുള്ള ജില്ലയും ആലപ്പുഴയാണ്. ​2022–ൽ പദ്ധതി ആരംഭിച്ച്‌ നാല്‌ വർഷം പിന്നിടുമ്പോഴാണ്‌ അഭിമാനനേട്ടം. ജില്ലയിൽ ചേർത്തല, ആലപ്പുഴ നഗരസഭകൾ, ആര്യാട്, മാരാരിക്കുളം തെക്ക്, മുഹമ്മ, കഞ്ഞിക്കുഴി, വയലാർ, മണ്ണഞ്ചേരി പഞ്ചായത്തുകളിലുമാണ്‌ പൈപ്പുകളിലൂടെ പ്രകൃതിവാതകം എത്തിയത്‌.
 27 വ്യാപാര സ്ഥാപനങ്ങളിലും പ്രകൃതിവാതകമെത്തുന്നു. 900 കിലോമീറ്റർ നീളത്തിലാണ്‌ ജില്ലയിൽ പൈപ്പ്‌ലൈനുകൾ സ്ഥാപിച്ചത്‌.

ഇ‍ൗവർഷം 6000 കണക്ഷൻ കൂടി

ഡിസംബറിനുള്ളിൽ ജില്ലയിൽ 6,000 കണക്ഷനുകൾ നൽകാനും പദ്ധതിയുണ്ട്. അരൂർ, ചേർത്തല, ആലപ്പുഴ, തകഴി, ചെങ്ങന്നൂർ എന്നിവിടങ്ങളിലായി 13 സിഎൻജി സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്നു. പുതിയ മൂന്ന്‌ സിഎൻജി സ്റ്റേഷനുകൾ ഇ‍ൗ വർഷം സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. അമ്പലപ്പുഴയിൽ അടുത്ത വർഷം പൈപ്പ് സ്ഥാപിക്കും. നാലു വർഷത്തിനുള്ളിൽ ജില്ലയെ സമ്പൂർണ പൈപ്പ് ലൈൻ വാതകം ലഭിക്കുന്ന ജില്ലയാക്കും. ​വിതരണ ശൃംഖലയിൽ അഡ്വാൻസ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ കൃത്യമായ ബില്ലിങ്‌, റിയൽ-ടൈം ഉപഭോഗ നിരീക്ഷണം എന്നിവ സാധ്യമാകും. നിലവിലുള്ള മെക്കാനിക്കൽ മീറ്ററുകൾക്ക് പകരം പ്രീപെയ്ഡ് ബില്ലിങ്‌ സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്. 
 പൈപ്പ് ലൈനിന്റെ സുരക്ഷ മൂന്നാമതൊരു വിദഗ്ധ സംഘം പരിശോധിക്കുന്നതിനാൽ അപകട ഭീഷണിയില്ല. എങ്കിലും ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്‌.

ബോട്ടിലും പ്രകൃതിവാതകം

ഹൗസ് ബോട്ട്, മത്സ്യബന്ധന ബോട്ട് എന്നിവ ഡീസലിന്‌ പകരം പ്രകൃതി വാതകം (സിഎൻജി) ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം ആരംഭിച്ചിട്ടുണ്ട്‌. ഇതിനുശേഷം പൈലറ്റ്‌ പദ്ധതിയും നടപ്പിലാക്കുമെന്ന്‌ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സിറ്റി ഗ്യാസ്‌ വിതരണത്തിന്റെയും ശൃംഖല ഒരുക്കുന്നതിന്റെയും ചുമതല ‘തിങ്ക്‌ ഗ്യാസ്‌’ കമ്പനി കേരള റീജിയണൽ മേധാവി ദീപു ജോൺ, മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മേധാവി ജെയ്ജോ ജോർജ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home