വിജയചരിത്രം ആവർത്തിക്കാൻ മാരാരിക്കുളം

കെ എസ് ലാലിച്ചൻ
Published on Nov 26, 2025, 01:28 AM | 2 min read
മാരാരിക്കുളം
കടലോരഗ്രാമമായ മാരാരിക്കുളം സൗത്ത് പഞ്ചായത്തിലെ 24, നോർത്തിലെ 12 മുതൽ 18 വരെയും ആര്യാട് 18,19 വാർഡുകൾ ഉൾപ്പെടുന്നതാണ് മാരാരിക്കുളം ജില്ലാ പഞ്ചായത്ത് ഡിവിഷൻ. 33 വാർഡിലായി ആകെ 54,037 വോട്ടർമാർ. ആര്യാട് ഡിവിഷൻ അംഗവും സിപിഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ആർ റിയാസാണ് എൽഡിഎഫ് സ്ഥാനാർഥി. കണ്ണർകാട് ജനകീയ അടുക്കള കേന്ദ്രമാക്കി ആരംഭിച്ച വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയെ നയിക്കുന്ന ആർ റിയാസ് സംസ്ഥാനതലത്തിൽ മാതൃകയായ പദ്ധതികൾ നടപ്പാക്കി. നാലു പഞ്ചായത്തിലായി ദിവസേന 400 പേർക്കാണ് വീടുകളിൽ ഭക്ഷണമെത്തിക്കുന്നത്. ‘ജീവതാളം പെയിൻ ആൻഡ് പാലിയേറ്റീവ്’ സംഘടനയുടെ ജനറൽ കൺവീനറുമാണ് റിയാസ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വിദ്യാർഥി സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനമേറ്റു. ജില്ലയിൽ കൂടുതൽ ഭൂരിപക്ഷം നേടി രണ്ടുതവണ ആര്യാട് ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി. മണ്ണഞ്ചേരി സ്‌കൂളിലെ ഫുട്ബാൾ ടർഫ്, കലവൂർ സ്കൂളിലെ സെവൻസ് ഗ്രൗണ്ട്, ഇന്റർനാഷണൽ ആർട്ട് ഗാലറി, ആർട്ട് അക്കാദമി, കലായിടം ക്യാമ്പ്, കനോയിങ്, കയാക്കിങ് പരിശീലന കേന്ദ്രം തുടങ്ങിയവ ജനകീയ പദ്ധതികളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയുടെയും പി പി ചിത്തരഞ്ജൻ എംഎൽഎയുടെയും തദ്ദേശസ്ഥാപനങ്ങളുടെയും കോടികളുടെ പദ്ധതികൾ എൽഡിഎഫിന് അനുകൂലം. ചെട്ടികാട് നിർമിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി, ചെത്തി ഹാർബർ, മത്സ്യതൊഴിലാളി പദ്ധതികളും സഹായങ്ങളുമൊക്കെ ശ്രദ്ധേയം. 20.53 കോടിയുടെ വികസനങ്ങളാണ് മാരാരിക്കുളത്ത് പുരോഗമിക്കുന്നത്. അഞ്ച് സ്മാർട്ട് അങ്കണവാടികൾ നിർമിക്കാനായി. സർവോദയപുരത്ത് വനിത വ്യവസായ പാർക്കും മാരാരിക്കുളം തെക്കിൽ പകൽവീടും നിർമിച്ചു. പൊള്ളേത്തൈ ഗവ. ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് ഫിറ്റ്നെസ് സെന്ററിന് തുക അനുവദിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രക്കുളത്തിന് 25 ലക്ഷവും കോലാഞ്ഞി ക്ഷേത്രക്കുളത്തിന് 25 ലക്ഷം രൂപയും നവീകരണത്തിന് അനുവദിച്ചു. ജില്ലാ കൗൺസിൽ മുതൽ മാരാരിക്കുളം ഡിവിഷൻ എൽഡിഎഫിനോടൊപ്പം. യുഡിഎഫ് സ്ഥാനാർഥിയായി ആര്യാട് സ്വദേശിയും കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ആർ ജയചന്ദ്രൻ മത്സരിക്കുന്നു. മാരാരിക്കുളം ചെത്തി സ്വദേശിയും ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റുമായ കെ വി ബ്രിട്ടോയാണ് എൻഡിഎ സ്ഥാനാർഥി.










0 comments