നേരവകാശികൾക്കൊപ്പം നടന്നു, നാടൊന്നാകെ

മുൻ എംഎൽഎമാരായ എ എം ആരിഫ്, സി കെ ആശ എന്നിവരെ ആനയിച്ച് മാക്കേക്കടവ്–നേരേകടവ് പാലത്തിലൂടെ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ നടത്തം

സ്വന്തം ലേഖകൻ
Published on Oct 19, 2026, 01:13 AM | 2 min read
ചേർത്തല
കോട്ടയം–ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിൽനിന്ന് ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലേക്ക് സ്വപ്നപാലം യാഥാർഥ്യമാക്കാൻ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച മുൻ എൽഡിഎഫ് സർക്കാരിന് കൃതജ്ഞതയോടെ നാട്ടുകാർ ഒത്തുചേർന്നു. പാലംപണിയിൽ ഉയർന്ന ഗുരുതര പ്രതിസന്ധി മറികടക്കാൻ അഹോരാത്രം പ്രയത്നിച്ച മുൻ എംഎൽഎമാരായ എ എം ആരിഫ്, സി കെ ആശ എന്നിവരുടെ പ്രതിബദ്ധതയാണ് യഥാർഥ നേരവകാശികളെന്ന് പ്രഖ്യാപിച്ചും ഐക്യപ്പെട്ടവർ ജനനേതാക്കൾക്ക് ഒപ്പം പാലത്തിലൂടെ നടന്നു. പാലം നാടിന് സമർപ്പിച്ച ഞായർ വൈകിട്ടാണ് നേരവകാശികൾക്ക് ഒപ്പം ജനകീയനടത്തം പരിപാടി എൽഡിഎഫ് സംഘടിപ്പിച്ചത്. നേരേകടവിൽ പാലത്തിന്റെ നാൾവഴി വിശദീകരിച്ച യോഗശേഷമാണ് ജനകീയനടത്തം തുടങ്ങിയത്. എ എം ആരിഫും സി കെ ആശയും തുറന്ന ജീപ്പിൽ സഞ്ചരിച്ചു. പിന്നാലെ ജനസഞ്ചയം ഒഴുകിയെത്തി. ചെണ്ടമേള അകന്പടിയോടെ ബാനറിന് പിന്നിൽ -സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലി അണിചേർന്നു. എൽഡിഎഫ് സർക്കാരിന്റെ കരുതലാണ് പാലം യാഥാർഥ്യമാക്കിയതെന്നും യുഡിഎഫ് വിസ്മയ അവകാശവാദം പരിഹാസ്യമാണെന്നുമായിരുന്നു മുഴങ്ങിയ മുദ്രാവാക്യം. പദ്ധതിക്ക് മുൻകൈയെടുത്ത ജനനേതാക്കൾക്ക് അഭിവാദ്യവും മുഴങ്ങി.പടിഞ്ഞാറേക്കരയിലെ മാക്കേക്കടവിൽ ജനകീയ നടത്തം അവസാനിച്ചു. ആരിഫിനും ആശയ്ക്കും വൻ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. ഇരുവരും ജനാവലിയെ അഭിവാദ്യംചെയ്ത് സംസാരിച്ചു. വി എസ് സർക്കാർ തുടക്കമിട്ട പദ്ധതി പൂർത്തിയാക്കുന്നതിനിടെ നേരിട്ട പ്രതിസന്ധികൾ മറികടക്കാൻ ഇന്ന് അവകാശവാദം ഉന്നയിക്കുന്നവർ ഒന്നുംചെയ്തില്ലെന്ന് ആരിഫ് പറഞ്ഞു. ആവശ്യമായ ഫണ്ട് അനുവദിച്ചതും പാലം പൂർത്തിയാക്കിയതും പിണറായി സർക്കാരാണ്. മറിച്ചുള്ള അവകാശവാദം ജനങ്ങളെ പരിഹസിക്കലാണെന്നും ആരിഫ് പറഞ്ഞു. പാലം യാഥാർഥ്യമാക്കാൻ ഇടക്കാലത്ത് എംഎൽഎയായ ഷാനിമോൾ ഉസ്മാൻ ഒന്നും ചെയ്തില്ലെന്ന് സി കെ ആശ പറഞ്ഞു. നേരേകടവിൽ റോഡ് പുനർനിർമിക്കാൻ എൽഡിഎഫ് സർക്കാർ ബജറ്റിൽ അനുവദിച്ച 10 കോടിയുടെ പദ്ധതിക്ക് നാലുമാസം പിന്നിട്ടിട്ടും യുഡിഎഫ് സർക്കാർ ഭരണാനുമതിപോലും നൽകിയില്ലെന്നും അവർ പറഞ്ഞു. നേരേകടവിൽ ചേർന്ന വിശദീകരണ യോഗത്തിലും ഇരുവരും സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ശെൽവരാജ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലോടി സ്വാഗതംപറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ ആർ ബാബുരാജ്, പി കെ സാബു, ചേർത്തല ഏരിയ സെക്രട്ടറി ബി വിനോദ്, വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, കോട്ടയം ജില്ലാ കമ്മിറ്റിയംഗം കെ കെ രഞ്ജിത്ത്, കേരള കോൺഗ്രസ് എം നേതാക്കളായ വി ടി ജോസഫ്, കുര്യക്കോസ് കാട്ടുതറ, സിപിഐ സംസ്ഥാന കൗൺസിലംഗം എം കെ ഉത്തമൻ എന്നിവർ പങ്കെടുത്തു.
എ എം ആരിഫിനെയും സി കെ ആശയെയും അപമാനിച്ചു
ആലപ്പുഴ
ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്–നേരെകടവ് പാലത്തിന്റെ ഉദ്ഘാടനവേദിയിൽ പാലത്തിനായി ഏറെ പ്രയത്നിച്ച് നിർമാണത്തിന് നേതൃത്വം നൽകിയ മുൻ ജനപ്രതിനിധികളായ എ എം ആരിഫിനെയും സി കെ ആശയെയും അപമാനിച്ചു. മുൻ എംപിയും എംഎൽഎയുമായ എ എം ആരിഫിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. കിഫ്ബിയെ തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സംസാരിച്ചപ്പോഴാണ് സംഭവം. കിഫ്ബി ചെയ്തത് കാണണമെങ്കിൽ തൊട്ടടുത്ത പെരുമ്പളത്ത് ചെന്നാൽ മതിയെന്ന് മറുപടി നൽകിയതോടെ കോൺഗ്രസ് പ്രവർത്തകർ ഒച്ചയെടുത്തും കൂവിയും പ്രസംഗം തടസപ്പെടുത്തി. വേദിയിലുണ്ടയിരുന്ന മന്ത്രിമാരും എംഎൽഎമാരും പ്രവർത്തകരെ തടയാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ല. ആരിഫ് പ്രസംഗം തുടരുന്നതിനിടെ വേദിയിൽനിന്ന് എഴുന്നേറ്റ മുഖ്യമന്ത്രി സതീശൻ പാലത്തിന്റെ നാട മുറിക്കാനായി ഇറങ്ങിപ്പോയി.
ഇതിനിടെ, വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചെന്ന് വൈക്കം മുൻ എംഎൽഎ സി കെ ആശയും അതൃപ്തി പരസ്യമാക്കി. സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ ഉമേശനാണ് ആശയുടെ മൈക്ക് തട്ടിമാറ്റിയത്. പാലത്തിലേക്ക് നടന്നുപോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ ആശയോട് കയർത്തു സംസാരിച്ചു.
ഉദ്ഘാടനത്തിൽ ക്ഷണിക്കാത്തതിൽ ജി സുധാകരൻ എംഎൽഎയും അതൃപ്തി അറിയിച്ചു.









0 comments