ഹോട്ടൽ വിഭവങ്ങൾക്ക് 50 രൂപവരെ വിലകൂട്ടി

ആലപ്പുഴ
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനവിന് പിന്നാലെ ഹോട്ടൽ ഉടമകൾ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടി. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ(കെഎച്ച്‌ആർഎ) തീരുമാനപ്രകാരമാണ് വില വർധന. വിഭവങ്ങൾക്ക് രണ്ട് മുതൽ 50 രൂപ വരെയാണ് കൂട്ടിയത്. ബിരിയാണിക്കും സമാന വിഭവങ്ങൾക്കും 10–40 രൂപ വരെ കൂടി. നോൺ വെജ് കറികൾക്കും ഫ്രൈകൾക്കും 40–50 രൂപ വരെയും ഊണിന് 10–20വരെയും ചായ, ലഘുഭക്ഷണം എന്നിവക്ക് രണ്ട് മുതൽ അഞ്ച്വരെയുമാണ് വില വർധിപ്പിച്ചത്. ഷവർമ, അൽഫാം എന്നിവക്ക് 30രൂപ വരെ കൂടി. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല വില കൂട്ടിയതെന്നും പാചകവാതക വില വർധിച്ച സാഹചര്യത്തിൽ വിഭവങ്ങൾക്ക് വില കൂട്ടിയില്ലെങ്കിൽ നിലനിൽപ്പില്ലെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നടപടിയെന്നും ഭാരവാഹികൾ പറഞ്ഞു. പാചകവാതകക്ഷാമം രൂക്ഷമായപ്പോൾതന്നെ ചെറിയ വില വർധന നടപ്പാക്കിയിരുന്നു. ദിവസവും രണ്ട് മുതൽ ആറ് വരെ സിലിണ്ടർ ഉപയോഗിച്ച സ്ഥാപനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. ജില്ലയിൽ അസോസിയേഷന്റെ കീഴിൽ മാത്രം 1250 ഹോട്ടലുണ്ട്. അല്ലാതെചെറുതും വലുതുമായ തട്ടുകടകളടക്കം 700ഓളം ഭക്ഷണശാലകളുമുണ്ട്.19കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് വർധിച്ചത്. ഇതോടെ സിലിൻഡർ വില 3000രൂപയും കടന്നു. അഞ്ച് കിലോ സിലിൻഡറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 1498രൂപയാണ് വില വർധനവുണ്ടായത്. സിലിൻഡർ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായപ്പോൾ ഹോട്ടലുകൾ വിഭവങ്ങൾ വെട്ടിക്കുറച്ചാണ് കച്ചവടം. പലയിടങ്ങളിലും ഊണ് കിട്ടാനില്ല. ഉള്ളയിടങ്ങളിൽ വലിയ തിരക്കാണുള്ളത്. സിലിൻഡർ വിതരണം സുഗമമായിട്ടുമില്ല. മൂന്ന് സിലിൻഡറുകൾ ഉപയോഗിക്കുന്ന ഒരുഹോട്ടലിന് അധികമായി 3000 രൂപ ചെലവാകുന്ന സ്ഥിതിയാണ്.










0 comments