2.16 ലക്ഷത്തിന്റെ ഭാഗ്യക്കുറി മോഷ്‌ടിച്ചയാൾ പിടിയിൽ

ചേർത്തല
നഗരത്തിലെ ഭാഗ്യക്കുറി വിൽപ്പനശാലയിൽനിന്ന് 2.16 ലക്ഷം രൂപയുടെ ടിക്കറ്റും പതിനായിരത്തോളം രൂപയും മോഷ്‌ടിച്ചയാൾ പൊലീസ് പിടിയിൽ. തുറവൂർ വളമംഗലം മല്ലികശേരി എസ് ധനേഷ്‌കുമാറാണ് (40) പിടിയിലായത്. ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശത്ത് കണിച്ചുകുളങ്ങര പള്ളിക്കാവുവെളി ലത ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബ്രദേഴ്സ് ഭാഗ്യക്കുറിശാലയിൽ 20ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ വടക്കുഭാഗത്തെ ജനാലപ്പാളി തുറന്ന് കമ്പി അറുത്തുമാറ്റി ഉള്ളിലെ ഇരുമ്പ് ഗ്രിൽ തകർത്താണ് പ്രതി അകത്തുകടന്നത്. ഭാഗ്യധാര, സ്‌ത്രീശക്തി, ധനലക്ഷ്‌മി, പൂജ ബമ്പർ ടിക്കറ്റുകളാണ് മോഷ്ടിച്ചത്. കടയിലെയും സമീപത്തെയും കാമറാദൃശ്യം പൊലീസ് പരിശോധിച്ചിരുന്നു. മോഷ്‌ടിച്ച ടിക്കറ്റ് തൃശൂർ, ഗുരുവായൂർ, മലപ്പുറം, കോഴിക്കാട്, കൊയിലാണ്ടി തുടങ്ങിയയിടങ്ങളിൽ ഇയാൾ വിറ്റതായി കണ്ടെത്തി. കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വിൽപ്പനശാലയിലെ സിസിടിവി കാമറാദൃശ്യങ്ങളിൽനിന്നാണ് ധനേഷ്‌കുമാറിനെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കടയിൽ ആറുമാസം മുമ്പ് ഷട്ടർ പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ച ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. നഷ്‌ടപ്പെട്ട ടിക്കറ്റിന്റെ നമ്പർ ശേഖരിച്ചുള്ള അന്വേഷണവും പ്രതിയിലേക്കെത്താൻ വഴിയൊരുക്കി. ചേർത്തല എസ്എച്ച്ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചേർത്തല, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിൽ പ്രതിയാണ് ധനേഷ്. ഇയാളെ വെള്ളി വൈകിട്ട് മോഷണം നടന്ന കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും.








0 comments