കാണാം കരുനീക്കങ്ങളുടെ കാർണിവൽ

ആലപ്പുഴ വൈഎംസിഎയിൽ നടക്കുന്ന എൻ വി പ്രഭു മെമ്മോറിയൽ ഇന്റർനാഷനൽ ഫിഡെ റേറ്റഡ് ഓപ്പൺ ചെസ് ടൂർണമെന്റിൽനിന്ന്
ആലപ്പുഴ
കായൽനഗരത്തെ ബുദ്ധിസാമർഥ്യത്തിന്റെ പോർക്കളമാക്കി മാറ്റി എൻ വി പ്രഭു സ്മാരക അന്താരാഷ്ട്ര ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ്. ജില്ലയുടെ കായിക ചരിത്രത്തിൽ വലിയൊരു കുതിച്ചുചാട്ടമായി അടയാളപ്പെടുത്തുന്ന ടൂർണമെന്റിൽ അമേരിക്കയിൽ നിന്നും തമിഴ്‌നാട്, കർണാടക, ഡൽഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 287 പ്രമുഖ താരങ്ങളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ 1961 റേറ്റിങുള്ള സാവന്ത് കൃഷ്ണ ടോപ് സീഡായി എത്തുന്ന മത്സരത്തിൽ, 1936 റേറ്റിങുള്ള സഫൽ ഫാസിലാണ് ജില്ലയുടെ പ്രതീക്ഷകൾക്ക് കരുത്തേകുന്നത്. വൈഎംസിഎ ചെസ് അക്കാദമിയിലെ 34 പ്രതിഭകളും ഋഷികേശ് എസ് ദത്ത്, വിനായക് മഹാദേവ് എന്നീ ആറുവയസുകാരും ഉൾപ്പെടെ വലിയനിരയാണ് ജില്ലയിൽനിന്ന് പങ്കെടുക്കുന്നത്. ഇന്റർനാഷണൽ ആർബിറ്റർ അജേഷ് കുമാറാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂർണമെന്റിൽ ചീഫ് ആർബിറ്ററാകുന്ന ആദ്യ ആലപ്പുഴക്കാരൻ എന്ന ഖ്യാതിയും ഇതോടെ അജേഷ് സ്വന്തമാക്കി. ഒൻപത് റൗണ്ടുകളുള്ള മത്സരത്തിൽ ആദ്യ നാല് റൗണ്ടുകൾ പിന്നിടുമ്പോൾ സാവന്ത് കൃഷ്ണ, സഫൽ ഫാസിൽ, റൂദർ ഫോഡ്, കേദാർ നാദ്, അതി രത്, മുഹമ്മദ് ഇഷാൻ, അലൻ ഡാൺലി, സായൂജ് എന്നിവർ നാലുപോയിന്റുമായി കിരീടപ്പോരാട്ടത്തിൽ മുന്നിലുണ്ട്. മത്സരം വെള്ളിയാഴ്ച സമാപിക്കും. മൂന്ന് ലക്ഷത്തിന്റെ സമ്മാനത്തുകകൾക്ക് പുറമെ ഒട്ടനവധി ട്രോഫികളും മെഡലുകളുമാണ് വിവിധ വിഭാഗങ്ങളിലായി വിജയികളെ കാത്തിരിക്കുന്നത്.










0 comments