ഈ സ്നേഹം മാത്രമാണ് സമ്പാദ്യം

വള്ളികുന്നം പുല്ലാട്ട് തറയിൽ സ്വീകരിക്കാൻ എത്തിയ ജയ മാവേലിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എസ് അരുണ്‍കുമാറിനൊപ്പം സെൽഫി എടുക്കുന്നു
മാവേലിക്കര
മേടത്തിന് മുമ്പേ പൂത്ത കണിക്കൊന്നകൾ തണലിട്ട വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളുടെ ഗ്രാമവീഥികളിലൂടെ, മാവേലിക്കരയെ വികസനത്തിന്റെ പുതുവഴികളിലൂടെ കൈപിടിച്ചു നടത്തിയ ജനനായകൻ കടന്നുവന്നു. നാടിന്റെ മുക്കിലും മൂലയിലും ഒരേ സ്വരത്തിൽ ഒറ്റപ്പേര് ജനം ആർത്തു വിളിച്ചു: എം എസ് അരുൺകുമാർ. അവരോടായി അരുൺ പറഞ്ഞു: "ഈ സ്നേഹമാണ് എന്റെ സമ്പാദ്യം'. ഒന്നാംഘട്ട സ്വീകരണ പരിപാടിയിലെ മൂന്നാംദിന പര്യടനം വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലായിരുന്നു. വള്ളികുന്നം ചൂനാട് കിണർമുക്കിൽനിന്ന് പര്യടനം ആരംഭിച്ചു. എൽഡിഎഫ് മാവേലിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം മുഹമ്മദാലി ഉദ്ഘാടനംചെയ്തു. പ്രതീഷ് അധ്യക്ഷനായി. കെ രാഘവൻ, ജി ഹരിശങ്കർ എന്നിവർ സംസാരിച്ചു. രജിൻ സ്വാഗതം പറഞ്ഞു. മേനി സമരത്തിന്റെയും ശൂരനാട് സമരത്തിന്റെയും കനൽ കെടാതെ സൂക്ഷിക്കുന്ന വള്ളികുന്നത്തിന്റെ മാറിലൂടെ പര്യടനം കടന്നുവന്നപ്പോൾ വിപ്ലവ ചരിത്രത്തിലെ അതികായരായ തോപ്പിൽ ഭാസി, കാമ്പിശേരി കരുണാകരൻ, തേവൻ, സി കെ കുഞ്ഞിരാമൻ, പുതുപ്പള്ളി രാഘവൻ, എൻ രാമകൃഷ്ണൻനായർ അടക്കമുള്ള വിപ്ലവ നായകരുടെ ഓർമകൾ അലയടിച്ചു. ജി ഭുവനേശ്വരന്റെ രക്തസാക്ഷിത്വം നൊമ്പരമായി നെഞ്ചിലേറ്റുന്ന താമരക്കുളം പഞ്ചായത്തിൽ ഉച്ചഭക്ഷണത്തിനുമുമ്പ് പ്രവേശിച്ചു. എ കെ ജിയുടെ മിച്ചഭൂമി സമര നേതൃത്വത്താൽ പ്രശസ്തമായ താമരക്കുളം ഗ്രാമം ഉച്ചവെയിലിന്റെ മൂർധന്യത്തിലും സ്വീകരണ കേന്ദ്രങ്ങളിൽ അരുണിനെ കാത്തുനിന്നു. പി കെ ശ്രീധരൻപിള്ളയുടെയും രക്തസാക്ഷികളായ ബിജുവിന്റെയും സുരേഷ്‌കുമാറിന്റെയും നാടായ ചുനക്കരയിൽ വൈകുന്നേരത്തോടെ പ്രവേശിച്ചു. കല്ലിപ്പൂന്തൽ സമരത്തിന്റെ ആവേശം ഇപ്പോഴും ചോരാത്ത ചുവന്നമണ്ണിൽ രാത്രി ഏറെ വൈകിയും കാത്തുനിന്ന സ്ത്രീകളും വയോധികരും അടങ്ങിയ ജനാവലി അരുണിനെ കാണാതെ മടങ്ങിയില്ല. വള്ളികുന്നത്തെ കൽക്കുളത്താൽ, ദൈവപുരയ്ക്കൽ പാലങ്ങളും കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളും താമരക്കുളത്തെ ചത്തിയറ പാലവും പഞ്ചായത്ത് സ്റ്റേഡിയവും ചുനക്കര പഞ്ചായത്ത് സ്റ്റേഡിയവും വിവിധ സ്കൂളുകളും റോഡുകളും അടക്കം അഞ്ചുവർഷത്തിനിടയിൽ എത്തിച്ച കോടികളുടെ വികസനവും എൽഡിഎഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാണിച്ചായിരുന്നു ഓരോ കേന്ദ്രങ്ങളിലും അരുൺ സ്വീകരണത്തിന് നന്ദി പറഞ്ഞത്.
നീളെ സ്നേഹോപഹാരങ്ങള്‍
വിദ്യാർഥികൾ വരച്ച അരുണിന്റെ ചിത്രങ്ങൾ അടക്കം വ്യത്യസ്തമായ ഉപഹാരങ്ങൾ അരുണിന് കൈമാറി. കുടുംബശ്രീക്കായി ഗാനം രചിച്ച ശ്രീകല ദേവയാനത്തിന് ചുനക്കര കുഴിവിള ജങ്ഷനിൽ എം എസ് അരുൺകുമാർ അനുമോദനം നൽകി എൽഡിഎഫ് നേതാക്കളായ ജി രാജമ്മ, ബി ബിനു, എം മുഹമ്മദാലി, കെ ജെ മോഹൻ, വള്ളികുന്നം രാജേന്ദ്രൻ, എൻ മോഹൻകുമാർ, ആദർശ് തുളസീധരൻ, വി കെ അനിൽ, മണിയമ്മ, അജിത്ത് തെക്കേക്കര, വി കെ അജിത്ത്, ബിനു കെ അലക്സ്, എൻ എസ് സലിംകുമാർ, പി സുരേന്ദ്രൻ, എസ് നിയാസ്, ആദിൽ മുഹമ്മദ്, സഫിയ സുധീർ, എസ് പ്രശാന്ത്, ആർ ബിനു, എസ് അഷ്‌കർ, പി തുളസീധരൻ, വി വിനോദ്, കെ വി അഭിലാഷ്, ജെ രവീന്ദ്രനാഥ്, ആർ സത്യവർമ, ബി പ്രസന്നൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ചുനക്കര പഞ്ചായത്തിലെ കുന്നുവിളയിലെ കേന്ദ്രത്തിൽ എംഎസ് അരുൺകുമാറിനെ സ്വീകരിക്കാൻ എത്തി. പാങ്കാവിൽ ചേർന്ന സമാപന സമ്മേളനം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്തു. രണ്ടാംഘട്ട സ്വീകരണ പര്യടനം വ്യാഴാഴ്ച തെക്കേക്കര കിഴക്ക് എൽഐസി സ്റ്റേഡിയത്തിൽനിന്ന് ആരംഭിക്കും. രാവിലെ ഏഴിന് കേരള കോൺഗ്രസ് എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അജിത്ത് തെക്കേക്കര ഉദ്ഘാടനംചെയ്യും. തെക്കേക്കര പടിഞ്ഞാറ് പുഞ്ചക്കാല ജങ്ഷനിൽ സമാപന സമ്മേളനം സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യും.










0 comments