ad
Deshabhimani

പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്‌

എൽഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

LDF protest

എൽഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

കായംകുളം

നഗരസഭാ കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ജൂലൈ 22ന് ചേർന്ന കൗൺസിൽ യോഗം അജൻഡ ചർച്ച ചെയ്യാതെ പിരിച്ചുവിട്ട ചെയർമാന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച എൽഡിഎഫ് കൗൺസിലർമാർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തതിലാണ്‌ നിശബ്‌ദസമരം. എൽഡിഎഫ് നൽകിയ നോട്ടീസിനെത്തുടർന്ന് വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഭരണകക്ഷിക്കെതിരെ ആഞ്ഞടിച്ചത്‌. കൗൺസിൽ യോഗത്തിൽ സംസാരിച്ചാൽ ഉടൻ കള്ളക്കേസെടുക്കുന്ന സമീപനമാണ് ചെയർമാനും ഭരണനേതൃത്വവും സ്വീകരിക്കുന്നത്‌. എൽഡിഎഫ് കൗൺസിലർമാരെ അറസ്‌റ്റ്‌ ചെയ്യാതെ ഇനി നഗരസഭയിലേക്ക് ഇല്ലെന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചതെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി. ജൂലൈ 30ന് അടിയന്തര കൗൺസിൽ ചേർന്നിരുന്നു. അതിൽനിന്ന്‌ ചെയർമാൻ വിട്ടുനിന്നു. വാർഷികപദ്ധതി തയ്യാറാക്കാൻ കൗൺസിൽ യോഗം വിളിച്ചുകൂട്ടാത്തതിനെതിരെ എൽഡിഎഫിന്റെ 15 അംഗങ്ങൾ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്‌ച കൗൺസിൽ യോഗം വിളിക്കാൻ തയ്യാറായത്. എൽഡിഎഫിന്റെ ഭരണകാലത്ത് സംസ്ഥാന സർക്കാർ കായംകുളം നഗരസഭയ്‌ക്ക്‌ അനുവദിച്ചിരുന്ന പ്ലാൻ ഫണ്ട് വിഹിതം 8,47,50,000 രൂപയായിരുന്നു. യുഡിഎഫ് സർക്കാർ 3,66,10,822 കോടിയാക്കി കുറച്ചു. അഞ്ചുകോടിക്കടുത്ത് പ്ലാൻ ഫണ്ട് വിഹിതം വെട്ടിക്കുറച്ചു. ഇതടക്കം 11 കോടി രൂപയിലധികം തനത് ഫണ്ടിൽനിന്ന്‌ കണ്ടെത്തേണ്ട സാഹചര്യത്തിലും അനാസ്ഥ തുടരുന്നതിനാലാണ് കൗൺസിൽ യോഗം വിളിക്കാൻ കത്ത് നൽകിയതെന്ന്‌ എൽഡിഎഫ്പാർലമെന്ററി പാർടി ലീഡർ എസ് കേശുനാഥ് പറഞ്ഞു. കൗൺസിലർമാരായ മിനി സലീം, എ നസീർ, അബ്‌ദുൽ വാഹിദ്, അനിത ഷാജി, ഷാമില അനിമോൻ, ഗംഗാദേവി, വാമാക്ഷി, സജിന ഷഹീർ, സീത സജീവ്, കാർത്തികക്കുട്ടി, ശഹുബാനത്ത് കുഞ്ഞുമോൻ, അനീസ നൗഷാദ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home