പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റു

മണ്ണഞ്ചേരി
റോഡ്മുക്ക് ജങ്ഷന് സമീപം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഈ പ്രദേശത്ത് അങ്കണവാടി വിദ്യാർഥിയും ദേശാഭിമാനി പത്രവിതരണക്കാരനും ഉൾപ്പെടെ പത്തുപേർക്കാണ് നായയുടെ കടിയേറ്റത്. ബുധൻ രാവിലെയാണ് സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥി കൊല്ലംവെളിയിൽ സുധർമ രാജേന്ദ്രന്റെ കാലിനാണ് കടിയേറ്റത്. പത്രിക നൽകുംമുമ്പ് അടുത്ത വീടുകളിൽ പറയാനായി പോകുമ്പോഴാണ് ആക്രമണം. ഉടനെ കലവൂർ എഫ്എച്ച്സിയിൽ ചികിത്സതേടി. പത്രിക നൽകിയശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിലും ചികിത്സതേടി. വ്യാഴം രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കുത്തിവയ്‌പ് എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ഒമ്പതാംവാർഡ് കാട്ടുവേലിക്കകത്ത് അനീഷിന്റെ മകൻ അഞ്ജൽ (നാല്), പത്രവിതരണത്തിന് പോയ നോർത്ത് ആര്യാട് പുലിക്കാട്ടിൽ അതുൽ കൃഷ്ണ (19), കന്യാകോണിൽ ബീമ (70),കാളാത്ത് തിരുവോണത്തിൽ സതീഷ്‌കുമാർ (57), ചുങ്കം ചിറയിൽ മോബിൻ വർഗീസ് (33), കാട്ടുവേലിക്കകത്ത് സലിയപ്പന്റെ ഭാര്യ ബിന്ദു (40), വാലയിൽ ഗീത (58), നമ്പ്യാനവെളിയിൽ അബ്ദുൽ നാസർ, തുടങ്ങിയവരെയാണ് നായ ആക്രമിച്ചത്. റോഡ് മുക്ക് ഭാഗത്താണ് ആക്രമണം ആരംഭിച്ചത്. ഒമ്പതരയോടെ തമ്പകച്ചുവട് ഭാഗത്ത് ഓടിയെത്തുന്നതുവരെയാണ് പത്തുപേരെ നായ കടിച്ചത്.
4 വയസുകാരന്റെ കൈയിൽ നായ കടിച്ചുവലിച്ചു
മണ്ണഞ്ചേരി
അങ്കണവാടിയിലേക്ക് പോകാൻ തയാറെടുക്കവേയാണ് അഞ്ജൽ അനീഷിന്റെ കൈയിൽ നായ കടിച്ചുവലിച്ചത്. അമ്മയടക്കം ബന്ധുക്കൾ ഓടിയെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. സ്വന്തം വീട്ടിൽനിന്ന് മകളുടെ വീട്ടിലേക്ക് നടന്നുപോകും വഴിയാണ് അബ്ദുൾ നാസറിനെ (63) പിന്നാലെ എത്തിയ നായ കാലിൽ കടിച്ചത്. വാടകയ്ക്ക് താമസിക്കുന്ന ചുങ്കം സ്വദേശിയായ മോബിൻ വർഗീസിന് (33) വീട്ടുസാധനം വാങ്ങാനായി കടയിലേക്ക് പോകും വഴിയാണ് കടിയേറ്റത്. ബീമയുടെ കൈയിലെ ചെറുവിരലിന്റെ ഭാഗം നായ കടിച്ചെടുത്തു. ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കൈയിലെ നാലുവിരലുകൾ ചേർത്താണ് കടിച്ചത്. ബീമയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവയ്‌പെടുത്തു. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി നായയുടെ സ്രവം പരിശോധനയ്‌ക്കെടുത്തു.











0 comments