ജയമുറപ്പിച്ച് സജി ചെറിയാൻ

ചെങ്ങന്നൂര്‍ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പുത്തൻകാവ് മാർത്തോമാ മതിലകം ആരോഹണ പള്ളിയിലെ ഈസ്റ്റർ സൽക്കാരത്തിൽ പങ്കെടുത്തപ്പോള്‍
ചെങ്ങന്നൂർ
10 വർഷമായി മണ്ഡലത്തിൽ തുടരുന്ന വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വോട്ടഭ്യർഥിക്കുന്നത്. പറഞ്ഞതെല്ലാം നടപ്പാക്കിയയാൾ എന്ന വികാരം അലയടിക്കുന്നു. ചെങ്ങന്നൂരിന്റെ കുതിപ്പ് തുടരാൻ എൽഡിഎഫ് വേണമെന്ന അഭിപ്രായം ശക്തം. ഇതോടെ നിയോജക മണ്ഡലത്തിൽ മുക്കിലും മൂലയിലും ഉയരുന്ന വാക്കുകൾ ഇവ മാത്രം – സജി തുടരും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ മുന്നേറ്റം വ്യക്തം. സ്ഥാനാർഥി പര്യടനം ശനിയാഴ്‌ച പൂർത്തിയായതോടെ പ്രചാരണത്തിലും എൽഡിഎഫ് മുന്നിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ പ്രവർത്തനം ആവേശത്തോടെ തുടങ്ങിയിരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശത്തും സ്ഥാനാർഥി സജി ചെറിയാന് എത്താനായതും നേട്ടമായി. ചെങ്ങന്നൂരിലെ ജനങ്ങളുടെ ഒന്നാകെ പിന്തുണ ഉറപ്പാക്കുന്നതിലും സജി വിജയിച്ചു. ജില്ലാ ആശുപത്രി, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള കളിക്കളം, ഗവ. ആയുർവേദ ആശുപത്രി, വെൺമണി ശാർങക്കാവ് പാലം അടക്കം 24 പാലം, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡുകൾ, പൂമലച്ചാൽ കെ കെ ആർ ഇക്കോടൂറിസം പാർക്ക് തുടങ്ങി 2021 ലെ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കിയ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഒപ്പം ഭാവിയിൽ പൂർത്തിയാക്കേണ്ട പദ്ധതികൾ ജനങ്ങൾക്ക് മുന്പാകെ അവതരിപ്പിക്കുന്നു. മണ്ഡലത്തിന്റെ ഭാവി ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രകടനപത്രിക ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമെന്ന് ഉറപ്പ്. യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങളും വിദ്യാർഥികൾക്ക് മികച്ച തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസവും പ്രഖ്യാപിത നിലപാടാണ്. യുഡിഎഫിൽ ഗ്രൂപ്പ് തർക്കം പുകയുകയാണ്. ആദ്യം നിർദേശിച്ച സ്ഥാനാർഥിയെ ഒഴിവാക്കിയതിലും അമർഷം പ്രകടമാണ്. എം വി ഗോപകുമാറാണ് എൻഡിഎ സ്ഥാനാർഥി. കാര്യമായ പ്രചാരണം എൻഡിഎ മണ്ഡലത്തിൽ നടത്തുന്നില്ല.










0 comments