ad
Deshabhimani

സമ്പൂർണ വിജയത്തിലേക്ക്‌ എൽഡിഎഫ്‌

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനായി 47–ാം ബൂത്ത്‌ കമ്മിറ്റി വയലാറിൽ ജലമാർഗം പ്രചാരണം നടത്തുന്നു

ചേർത്തല മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനായി 47–ാം ബൂത്ത്‌ കമ്മിറ്റി വയലാറിൽ ജലമാർഗം പ്രചാരണം നടത്തുന്നു

avatar
അഞ്‌ജുനാഥ്‌

Published on Apr 06, 2026, 01:53 AM | 2 min read

ആലപ്പുഴ

പരസ്യപ്രചാരണം ചൊവ്വാഴ്‌ച അവസാനിക്കാനിരിക്കെ കുതിപ്പ്‌ തുടർന്ന്‌ എൽഡിഎഫ്‌. ജില്ലയിലെ ഒന്പത്‌ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി തുടക്കംമുതൽ മുന്നിലാണ്‌ എൽഡിഎ--ഫ്‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ചയുടൻ സ്ഥാനാർഥികളെ നിശ്‌ചയിച്ച്‌ മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങിയ എൽഡിഎഫ്‌ തുടക്കത്തിൽത്തന്നെ മേൽക്കൈ നേടി. ജില്ലയിലെ സിറ്റിങ്‌ എംഎൽഎമാരിൽ എല്ലാവരും മത്സരരംഗത്തുണ്ട്‌. കേരളത്തിലെതന്നെ ഏറ്റവും നീളമേറിയ പെരുന്പളം പാലം ഉൾപ്പെടെ ആലപ്പുഴയെ അക്ഷരാർഥത്തിൽ ‘പാലപ്പുഴ’യാക്കിയ പാലങ്ങൾ, വൈറ്റ്‌ ടോപ്പിങ്‌ സാങ്കേതികവിദ്യ ഉൾപ്പെടുത്തി നിർമിച്ച ആധുനിക റോഡുകൾ, സെമി എലിവേറ്റഡ്‌ ഹൈവേയായി പുനർനിർമിച്ച എ സി റോഡ്‌, സൂപ്പർ സ്‌പെഷ്യാലിറ്റി സ‍ൗകര്യത്തിൽ നവീകരിച്ച മെഡിക്കൽ കോളേജ്‌, മിനി മെഡിക്കൽ കോളേജ്‌ ആയി വികസിപ്പിച്ച ജനറൽ ആശുപത്രി, താലൂക്ക്‌ ആശുപത്രികളിലേക്ക്‌ വ്യാപിപ്പിച്ച ഡയാലിസിസ്‌ കേന്ദ്രങ്ങൾ, തീരദേശ സംരക്ഷണം, ചെത്തി ഉൾപ്പെടെ ഹാർബറുകളുടെ വികസനം തുടങ്ങി ജില്ലയെ സമഗ്രമായി മാറ്റിമറിച്ച വികസന പ്രവർത്തനങ്ങളാണ്‌ എൽഡിഎ--ഫിന്റെ കരുത്ത്‌.

പോര്‌ തീരാതെ കോൺഗ്രസ്‌, എൻഡിഎ

കോൺഗ്രസിലെ ഗ്രൂപ്പ്‌ വഴക്കും മുന്നണിയിലെ പടലപ്പിണക്കവും യുഡിഎഫിനെ തുടക്കംമുതൽ പിന്നോട്ടടിച്ചു. മറ്റ്‌ പാർടികളിലെ അവസരവാദികളെ സ്ഥാനാർഥികളാക്കിയതും കനത്ത പ്രതിഷേധത്തിനിടയാക്കി. അന്പലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിക്കുപ്പായം തുന്നിയിരുന്ന പല നേതാക്കളും ഇതോടെ കോൺഗ്രസിനും മുന്നണിക്കും എതിരായി. ഡിസിസി പ്രസിഡന്റ്‌ ബാബു പ്രസാദ്‌ സ്ഥാനാർഥിത്വം ലഭിക്കാതായപ്പോൾ പ്രതിഷേധിച്ച്‌ പരസ്യമായി ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ടു. പിന്നീട്‌, സീറ്റ് ലഭിക്കാത്ത മറ്റൊരു നേതാവ്‌ എ എ ഷുക്കൂറിനൊപ്പമുള്ള ചിത്രം അദ്ദേഹം പോസ്‌റ്റ്‌ ചെയ്‌തതും കോൺഗ്രസിൽ വലിയ അതൃപ്‌തിക്ക്‌ ഇടയാക്കി. തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാകാൻ പോയ എം ലിജുവിനെ കായംകുളത്ത്‌ കെട്ടിയിറക്കിയതുപോലെ കൊണ്ടുവന്നതും സ്ഥാനമോഹികൾക്ക്‌ പ്രശ്‌നമായി. അതൃപ്‌തി പുകയുന്നതിനാൽ ജില്ലയിലുടനീളം കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ പ്രചാരണരംഗത്തുനിന്ന്‌ വിട്ടുനിൽക്കുകയാണ്‌. രമേശ്‌ ചെന്നിത്തലയാണെങ്കിൽ സ്വന്തം മണ്ഡലമായ ഹരിപ്പാട്‌ വിട്ട്‌ മറ്റെവിടെയും പ്രചാരണത്തിന്‌ പോയിട്ടില്ല. അന്പലപ്പുഴയിൽ അവസരവാദി സ്ഥാനാർഥിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസ്‌ നേതാവ്‌ എം ലിജുവിന്‌ തൃപ്പൂണിത്തുറയിലേക്ക്‌ ഓടേണ്ടിവന്നു. അവിടെയും സീറ്റ്‌ ലഭിക്കാതെ വന്നപ്പോഴാണ്‌ കെട്ടിയിറക്കിയതുപോലെ കായംകുളത്ത്‌ നിർത്തിയത്‌. ഇവിടെ എൽഡിഎഫ-്‌ സ്ഥാനാർഥി യു പ്രതിഭയെ ലീഗ്‌ നേതാവ്‌ ആക്ഷേപിച്ചതും യുഡിഎഫിന്‌ തിരിച്ചടിയായി. എം ലിജു സ്ഥാനാർഥിയായതോടെ തോൽപ്പിക്കാൻ മനഃപൂർവം ലീഗുകാർ ആസൂത്രണം ചെയ്‌തതാണ്‌ ഇതെന്നാണ്‌ ആരോപണം. തുടർന്ന്‌ കോൺഗ്രസ്‌–ലീഗ്‌ ബന്ധം വഷളായി. കുട്ടനാട്ടിൽ കോൺഗ്രസിന്റെ വിമതസ്ഥാനാർഥി സമ്മർദങ്ങളെത്തുടർന്ന്‌ പത്രിക പിൻവലിച്ചെങ്കിലും ഇത്‌ മുന്നണിയിൽ ഉണ്ടാക്കിയ പ്രശ്‌നങ്ങൾ ഏറി വരികയാണ്‌. തനിക്ക്‌ 5000 ബിജെപി വോട്ട്‌ കിട്ടുമെന്ന അന്പലപ്പുഴയിലെ അവസരവാദി സ്ഥാനാർഥിയുടെ പ്രഖ്യാപനവും കോൺഗ്രസിന്‌ തിരിച്ചടിയായി. ഇത്‌ കോൺഗ്രസ്‌–ബിജെപി ‘ഡീൽ’ വെളിപ്പെടുത്തി.എൻഡിഎയുടെ നിലയും വ്യത്യസ്‌തമല്ല. ജാതി സമവാക്യങ്ങളാണ്‌ അവർ സ്ഥാനാർഥികളെ നിർണയിക്കാൻ പരിഗണിച്ചതെന്ന ആക്ഷേപം ശക്‌തമാണ്‌. മുന്നണിയിൽ ബിഡിജെഎസിനെ ഒതുക്കാൻ ട്വന്റി–ട്വന്റിയെ ഇറക്കിയതും പ്രശ്‌നമായി. മുതിർന്ന പല നേതാക്കളും സ്ഥാനാർഥികളും പ്രചാരണരംഗത്ത്‌ സജീവമായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home