ഹൃദയങ്ങള്‍ കീഴടക്കി സലാം

അമ്പലപ്പുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം ആലപ്പുഴ പുലയൻവഴിയിൽ വോട്ടഭ്യർഥിക്കുന്നു
അമ്പലപ്പുഴ
സർ സിപിയുടെ അധികാരക്കൊതിയെ അലകായുധംകൊണ്ട് തോൽപ്പിച്ച് ചരിത്രം രചിച്ച നാടാണ് അമ്പലപ്പുഴ. ആ പോരാട്ടത്തിന്റെ പാതയിൽ 35 വർഷമായി എൽഡിഎഫ് ഉരുക്കുകോട്ടയായി തുടരുന്ന അമ്പലപ്പുഴയിൽ വികസനവും അവസരവാദരാഷ്ട്രീയവുമാണ് പ്രധാന ചർച്ചാവിഷയം. നാടിന്റെ എന്ത് ആവശ്യത്തിലും പ്രതിസന്ധിയിലും മുന്നിട്ടിറങ്ങുന്ന എച്ച് സലാം അഞ്ചുവർഷത്തിനിടെ 1809 കോടിയുടെ വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. റോഡ് നിർമാണത്തിന് 263 കോടി, പാലം നിർമാണത്തിന് 249 കോടി, കുടിവെള്ള പദ്ധതികൾക്ക് 360 കോടി, ആരോഗ്യമേഖലയ്ക്ക് 351 കോടി, വിദ്യാഭ്യാസമേഖലയ്ക്ക് 63 കോടി, മത്സ്യമേഖലയ്ക്ക് 202 കോടി, കാർഷിക മേഖലയ്ക്ക് 70.23 കോടി രൂപ ചെലവഴിച്ചു. പുനർഗേഹം പദ്ധതിയിലൂടെ പുറക്കാട് മണ്ണുംപുറത്ത് നിർമിച്ച ‘സഫലം' ഭവനസമുച്ചയത്തിൽ 84 കുടുംബത്തിന് ഫ്ലാറ്റുകൾ കൈമാറി. കിഫ്‌ബിയിലൂടെ 121 കോടി ചെലവഴിച്ച് 49 പുലിമുട്ടുകൾ നിർമിച്ചു. 441 കുടുംബങ്ങൾക്ക് പട്ടയം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 6772 പേർക്ക് 7.29 കോടി രൂപ ചികിത്സാസഹായവും എസ്‌സി എസ്‌ടി ചികിത്സാഫണ്ടിൽ നിന്ന് 54 പേർക്ക് 12.93 ലക്ഷം രൂപയും സഹായം നൽകി. നേരിന്റെ രാഷ്‌ട്രീയം പറഞ്ഞ് സലാം അമ്പലപ്പുഴയുടെ മനം കീഴടക്കി. നാട് നൽകുന്ന സ്‌നേഹം അതിന്റെ നേർസാക്ഷ്യം. ‘എത് സർക്കാർ, എന്ത് സർക്കാരെന്ന’ ജനാധിപത്യവിരുദ്ധത തുറന്നുകാട്ടിയും അവസരവാദ രാഷ്‌ട്രീയത്തെ പൊളിച്ചെഴുതിയുമാണ് എൽഡിഎഫ് പ്രചാരണം മുന്നേറുന്നത്. അധികാര മോഹത്താൽ സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും തള്ളിപ്പറഞ്ഞ രാഷ്‌ട്രീയ അധപ്പതനത്തെയാണ് വിപ്ലവമണ്ണ് നേരിടുന്നത്. ബിജെപിയുമായി ഡീലുണ്ടാക്കി വോട്ടു നേടുമെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പരസ്യ പ്രഖ്യാപനവും നാട് ഞെട്ടലോടെ കേട്ടു. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങളും തമ്മിലടിയും കോൺഗ്രസ് ക്യാമ്പിൽ രൂക്ഷമാണ്. അവസരവാദത്തിന് അഭയം നൽകിയതിനെതിരെ അമർഷം പുകയുന്നു. അമ്പലപ്പുഴയിൽ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയ കോൺഗ്രസിലെ മുതിർന്ന നേതാവ് പലതും തുറന്നുപറയുമെന്ന ഭീഷണി മുഴക്കി. സീറ്റ് നിഷേധിച്ചതോടെ യുവ നേതാവ് പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധം തുടരുന്നു. വോട്ടുകച്ചവടത്തിന്റെ രഹസ്യ‘ഡീൽ’ സ്ഥാനാർഥി പരസ്യമാക്കിയതോടെ യുഡിഎഫ് ക്യാമ്പ് വീണ്ടും വെട്ടിലായി. പ്രതിരോധിക്കാൻ കഴിയാതെ ബിജെപി നേതൃത്വവും മൗനത്തിലാണ്. യുഡിഎഫ് സ്വതന്ത്രനായി ജി സുധാകരനും എൻഡിഎയ്ക്കായി ബിജെപിയുടെ അരുൺ അനിരുദ്ധനുമാണ് മത്സരിക്കുന്നത്. എംഎൽഎ എന്ന നിലയിൽ അഞ്ചുവർഷം അമ്പലപ്പുഴക്ക് സമ്മാനിച്ച വികസനങ്ങളടെ പൂക്കാലം തുടരാനും അധികാരത്തോടുള്ള അത്യാഗ്രഹത്തിന് മറുപടി നൽകുവാനും കാത്തിരിക്കുകയാണ് അമ്പലപ്പുഴ.










0 comments