ad
Deshabhimani

കടൽ തൊടില്ല; 
പാർക്കാൻ സ്വപ‍്നഫ്ലാറ്റ്‌

പുനർഗേഹം പദ്ധതിയിൽ തോട്ടപ്പള്ളി  മണ്ണുംപുറത്ത് നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയം
avatar
നെബിൻ കെ ആസാദ്‌

Published on Jan 10, 2026, 01:25 AM | 1 min read

ആലപ്പുഴ

അമ്പലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറത്ത്‌ പുനർഗേഹം പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ ഫ്ലാറ്റുകളുടെ കൈമാറ്റ നടപടികളും അവസാനഘട്ട പ്രവൃത്തികളും ദ്രുതഗതിയിൽ. പുനരധിവാസ പദ്ധതിയിൽ 204 ഫ്ലാറ്റുകളാണ്‌ നിർമിച്ചത്‌. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക്‌ പുറമേ അതിദാരിദ്ര്യ പട്ടികയിലുൾപ്പെട്ട 50 പേർക്കും ലൈഫ്‌ മിഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവർക്കും ഫ്ലാറ്റ്‌ കൈമാറും. ലൈഫ്‌ മിഷനിൽ 664 പേരുടെ പട്ടിക ലഭിച്ചതിൽ സർവേയ്ക്ക്‌ ശേഷം 288 പേർ താമസിക്കാൻ തയ്യാറാണെന്ന്‌ അറിയിച്ചിരുന്നു. അന്തിമ പട്ടികയിലുൾപ്പെട്ട ഇ‍ൗ ഗുണഭോക്‌താക്കളിൽനിന്നും താമസിക്കാനുള്ള അപേക്ഷ ക്ഷണിച്ചു. അതിദാരിദ്ര്യ പട്ടികയിലുള്ളവർക്കും പുനർഗേഹം പദ്ധതിയിലുൾപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും ഫ്ലാറ്റുറപ്പാണ്‌. ഇവരിൽനിന്ന്‌ വൈദ്യുതി കണക്ഷനും അപേക്ഷ ക്ഷണിച്ചു. 84 ഫ്ലാറ്റുകൾ ഇ‍ൗ മാസം അവസാനത്തോടെ കൈമാറാനാകുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചിരുന്നു. ഇ‍ൗ ഫ്ലാറ്റുകളുടെ മലിനജല ശുചീകരണപ്ലാന്റിന്റെ പണിയാണ്‌ പൂർത്തിയാകാനുള്ളത്‌. 3.48 ഏക്കർ സ്ഥലത്ത്‌ തീരദേശ വികസന കോർപറേഷനാണ് ഫ്ലാറ്റ്‌ നിർമാണച്ചുമതല. ഒരു നിലയിൽ നാലുഫ്ലാറ്റുകളിലായി മൂന്നുനിലകളിൽ 17 കെട്ടിടസമുച്ചയമാണ്‌ നിർമിച്ചത്‌. ​കടലാക്രമണ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്കും അതിദാരിദ്ര്യ പട്ടികയിലുൾപ്പെട്ടവർക്കും പദ്ധതി വലിയ ആശ്വാസമാണ്‌. കടൽക്ഷോഭ ഭീഷണിയിൽ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ സംസ്ഥാനത്ത്‌ ഇതുവരെ 2625 കുടുംബങ്ങൾക്ക്‌ വീട്‌ നിർമിക്കാൻ ധനസഹായവും 738 കുടംബങ്ങൾക്ക്‌ ഫ്ലാറ്റും നൽകി. 1271 വീടുകളുടെയം 788 ഫ്ലാറ്റുകളുടെയും പണി പുരോഗമിക്കുന്നു. സന്നദ്ധത അറിയിച്ചവരിൽ 5422 കുടംബങ്ങൾക്ക് നാലര വർഷത്തിനകം സുരക്ഷിതമായ ഭവനങ്ങളുറപ്പാക്കാൻ സംസ്ഥാന സർക്കാരിന്‌ സാധിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home