ഇവിടെയുണ്ട്... പുത്തൻ പണവും തിരക്കാശും

ജി ഹരികുമാര്‍
Published on Dec 12, 2025, 12:17 AM | 1 min read
കായംകുളം
ലോകത്തിൽ ഏറ്റവും വലിയ സംഖ്യയിലുള്ള കറൻസി നോട്ട് ‘100 ട്രില്യൺ സിംബാവേ ഡോളർ ’ കാണാൻ മോഹമുണ്ടോ? കായംകുളം മാളിയേക്കൽ ഹക്കീമിന്റെ വീട്ടിലുണ്ട്. അപൂർവ നാണയങ്ങളുടെയും വിവിധ രാഷ്‌ട്രങ്ങളുടെ കറൻസിനോട്ടുകളുടെയും വിപുലമായ ശേഖരമാണ് ഹക്കീമിനുള്ളത്. നാണയപ്പെരുപ്പ കാലത്ത് യൂഗോസ്ലാവ്യ പുറത്തിറക്കിയ 50,000 കോടിയുടെ നോട്ടും ഇവിടെ കാണാം. പത്ത് പുത്തനെന്ന നാട്ടുപ്രയോഗത്തിന് കാരണമായ കൊച്ചി രാജാവിന്റെ നാണയമായ ‘പുത്തൻ' മാത്രമല്ല വകഭേദങ്ങളായ ഇരട്ടപുത്തനും രശ്‌മി പുത്തനും ശേഖരത്തിലുണ്ട്. ക്രിസ്‌തുവിന് മുമ്പുള്ള മൗര്യ, മഗധ കാലഘട്ടങ്ങളിലെ പഞ്ചുമാർക്ക് നാണയങ്ങൾ, ചോള, ചേര സാമ്രാജ്യങ്ങളിലെ നാണയങ്ങൾ, പോർച്ചുഗീസ് ഫ്രഞ്ച്, ബ്രട്ടീഷ് നാണയങ്ങൾ, ആധുനിക കാലത്തെ അപൂർവനാണയങ്ങൾ എന്നിവയുമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കനിഷ്‌ക, തക്ഷശില, യൂഥേയ, ശിവജി, ഗുപ്ത, തുഗ്ലക്ക്, ഷെർഷ, ടിപ്പു സുൽത്താൻ നാണയങ്ങളും, ഓട്ടക്കാലണയും തിരക്കാശുകളും അപൂർവ സമ്പത്തായി സൂക്ഷിക്കുന്നുണ്ട്. സമ്പാദ്യം ചെറുതല്ല യൂദാസിന്റെ കാലത്തെ റോമൻ നാണയം, 1912ൽ റഷ്യ പുറത്തിറക്കിയ വലിപ്പമേറിയ 500 ന്റെ റൂബിൾ, ഏറ്റവുമധികം വിനിമയമൂല്യമുള്ള ബ്രൂണയിലെ റിങ്കിറ്റ്, സ്വർണത്തകിടിൽ നിർമിച്ച ബലീസിന്റെ കറൻസി. മരത്തൊലിയിൽ നിർമിച്ച ടിബറ്റിന്റെ കറൻസി എന്നിവയും അപൂർവ കാഴ്‌ചകളാണ്. രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാൻ പുറത്തിറക്കിയ വേൾഡ് വാർ നോട്ടുകൾ, ചൈനക്കാർ മരിച്ചവരുടെ ചിതയിൽ കത്തിക്കുന്ന ഹെൽനോട്ടുകൾ, ഇന്ത്യയിൽ അച്ചടിച്ച് പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന നോട്ടുകൾ എന്നിവയും ശേഖരത്തിലുണ്ട്. മലയാളി ഫിനാൻസ് സെക്രട്ടറിയായിരുന്ന കെ ആർ കെ മേനോൻ ഒപ്പിട്ട് 1949 ൽ പുറത്തിറക്കിയ ഒറ്റരൂപ നോട്ടും അപൂർവ കാഴ്‌ചയാണ്. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കാലത്താണ് ഹക്കീം കറൻസികളും നാണയങ്ങളും ശേഖരിക്കാൻ തുടങ്ങിയത്. വിപുലമായ പുരാവസ്‌തു ശേഖരവുമുണ്ട്. എലിസബത്ത് രാജ്ഞിയുടെ ചിത്രം പതിച്ച 51 രാജ്യത്തെ കറൻസികളും, കാറൽ മാക്‌സ്, എംഗൽസ്, ലെനിൻ, കൊളംബസ്, മാവോ, ലൂയി പാസ്‌റ്റർ, ഐസക് ന്യൂട്ടൺ, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ ചിത്രങ്ങളുള്ള വിവിധ കാലഘട്ടങ്ങളിലെ നോട്ടുകളും ശേഖരത്തിലുണ്ട്.










0 comments