കൃഷിയിലൂടെ ആരോഗ്യകേരളം സർക്കാർ ലക്ഷ്യം: മന്ത്രി പി പ്രസാദ്

കിഴങ്ങുവിള വിത്തുഗ്രാമം പദ്ധതിയുടെ ഭാഗമായി കാർഷിക സെമിനാറും നടീൽവസ്‌തു, കാർഷികോപാധി എന്നിവയുടെ വിതരണവും മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 30, 2025, 12:24 AM | 1 min read
ചേർത്തല
കാർഷികമേഖല ശക്തിപ്പെടുത്തി ആരോഗ്യകേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കിഴങ്ങുവിള വിത്തുഗ്രാമം പദ്ധതിയുടെ ഭാഗമായി കാർഷിക സെമിനാറും നടീൽവസ്‌തു, കാർഷികോപാധി എന്നിവയുടെ വിതരണവും ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
പോഷകഗുണംകൂടിയ കിഴങ്ങുവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗങ്ങൾ പരമാവധി കുറയ്‌ക്കാനാകും. സംസ്ഥാനത്ത് ആദ്യമായി ചേർത്തലയിൽ വിത്തുത്സവം സംഘടിപ്പിച്ചതിലൂടെ അപൂർവ വിത്തിനങ്ങളുടെ കൈമാറ്റം നടത്താനായി. അന്യംനിന്ന വിത്തുകൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
12 വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് പുതിയ മരച്ചീനി ഇനങ്ങളായ ശ്രീ അന്നയും ശ്രീ മന്നയും വികസിപ്പിച്ചെടുത്തത്. ആറ് വർഷത്തെ പ്രയത്നത്തിലൂടെയാണ് മധുരക്കിഴങ്ങ് ഇനങ്ങൾ സിടിസിആർഐ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചത്. കാർഷികമേഖലയ്‌ക്ക് വലിയ സംഭാവനയാണ് ശാസ്‌ത്രജ്ഞർ നൽകിയതെന്നും മന്ത്രി പറഞ്ഞു.
അഖിലഭാരതീയ കിഴങ്ങുവിള ഏകോപന പദ്ധതിയുടെ ഭാഗമായി കിഴങ്ങുവിള ഗവേഷണ സ്ഥാപനവും കൃഷിവകുപ്പും ചേർന്നാണ് നടീൽവസ്‌തുക്കളുടെയും കാർഷികോപാധികളുടെയും വിതരണം നടത്തിയത്. 40ൽപ്പരം പട്ടികജാതി കർഷകർക്ക് അറബാന, പച്ചക്കറിവിത്ത്, കിഴങ്ങുവിള നടീൽവസ്‌തു, കാർഷികോപകരണങ്ങൾ എന്നിവ നൽകി.
നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷയായി. കിഴങ്ങുവിളകളുടെ ശാസ്‌ത്രീയ കൃഷിരീതി, കിഴങ്ങുവിളകളിലെ രോഗ– കീട നിയന്ത്രണം എന്നിവയിൽ ശാസ്‌ത്രജ്ഞരായ ഡോ. സുജ, ഡോ. എച്ച് കേശവകുമാർ എന്നിവർ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, നഗരസഭ ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, തിരുവനന്തപുരം സിടിസിആർഐ ഡയറക്‌ടർ ഡോ. ജി ബൈജു, നഗരസഭ കൗൺസിലർ രാജശ്രീ ജ്യോതിഷ്, കൃഷി അസി. ഡയറക്‌ടർമാരായ കെ എസ് ഷൈജ, ഫാത്തിമ റഹിയാനത്ത്, പ്രിൻസിപ്പൽ സയന്റിസ്‌റ്റ് ഡോ. ജെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.










0 comments