ഇടതുചേരാൻ ഹരിപ്പാട്

ഗോകുൽ ഗോപി
Published on Mar 09, 2026, 02:02 AM | 2 min read
ഹരിപ്പാട്
കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ തടവിലിരിക്കെ ഭാര്യ ലക്ഷ്‌മിഭായിക്ക് മയൂരസന്ദേശം അയച്ചെന്ന ചരിത്രമാണ് ഹരിപ്പാടിന് മയൂരസന്ദേശത്തിന്റെ നാടെന്ന പേരുനൽകിയത്. 1872ൽ തിരുവിതാംകൂറിലെ ആയില്യം തിരുനാൾ രാജാവാണ് കേരളവർമ വലിയകോയിത്തമ്പുരാനെ തടവിലാക്കിയത്. അച്ചൻകോവിലിന്റെയും പമ്പയാറിന്റെയും ഓളങ്ങൾക്കൊപ്പം വലിയ അഴീക്കലിന്റെയും ആറാട്ടപ്പുഴയുടെയും തിരയും തലോടുന്ന മണ്ഡല മനസ് ഇടത് വലത് മുന്നണികൾക്കൊപ്പം നിന്നിട്ടുണ്ട്. 1957ൽ ഇടതുസ്വതന്ത്രനായ ചെങ്ങളത്ത് വി രാമകൃഷ്‌ണപിള്ളയാണ് ആദ്യ എംഎൽഎ. 1960ലും 65ലും വിജയിച്ച കോൺഗ്രസിലെ എൻ എസ് കൃഷ്‌ണപിള്ളയെ 1967ൽ പരാജയപ്പെടുത്തിയ സി ബി സി വാര്യർ 1970ലും 1980ലും മണ്ഡലത്തെ പ്രതിനിധികരിച്ചു. 1991ൽ കോൺഗ്രസിലെ കെ കെ ശ്രീനിവാസനും 1996ൽ ആർഎസ്‌പിയുടെ എ വി താമരാക്ഷനും 2001ൽ സിപിഐ എമ്മിലെ ടി കെ ദേവകുമാറും 2006ൽ കോൺഗ്രസിലെ ബാബു പ്രസാദും ഹരിപ്പാടിനെ നയിച്ചു. 1982ലും 87ലും 2011 മുതലും രമേശ് ചെന്നിത്തലയാണ് ഹരിപ്പാടിന്റെ എംഎൽഎ. താക്കോൽസ്ഥാനത്ത് എത്താനുള്ള രമേശിന്റെ ശ്രമങ്ങൾക്കും അതിനെതിരെ കോൺഗ്രസ് ദേശീയനേതാവ് നടത്തുന്ന ഗ്രൂപ്പ് പോരിനും മണ്ഡലം സാക്ഷിയാണ്. 10 പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. ഹരിപ്പാട് നഗരസഭ ആറാട്ടുപുഴ, ചേപ്പാട്, ചിങ്ങോലി, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ യുഡിഎഫും ചെറുതന, കുമാരപുരം പഞ്ചായത്തുകൾ എൽഡിഎഫും കാർത്തികപ്പള്ളിയിൽ എൻഡിഎയുമാണ് ഭരിക്കുന്നത്. കരുവാറ്റ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തുല്യമാണ്. ബ്ലോക്കിൽ ഹരിപ്പാട് യുഡിഎ-ഫും മുതുകുളം എൽഡിഎഫും ഭരിക്കുന്നു. കിഫ്ബിയിലൂടെ മാത്രം 433.90 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. 146 കോടി രൂപ ചെലവിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആർച്ച് പാലമായ വലിയഴീക്കൽ പാലം, 140 കോടിയുടെ ഹരിപ്പാട്‌കുടിവെള്ള പദ്ധതി, ആറാട്ടുപുഴമുതൽ തൃക്കുന്നപ്പുഴവരെ കടലാക്രമണ പ്രതിരോധത്തിന് 80 കോടിയുടെ പുലിമുട്ടുകൾ, പ്രളയ ദുരിതാശ്വാസത്തിന് ചെറുതനയിൽ സ്ഥിരം ഷെൽട്ടർ, വീയപുരം തടി ഡിപ്പോയിൽ എക്കോ ടൂറിസം തുടങ്ങി നിരവധി വികസനപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയത്. 2006ലെ ഫലം– അഡ്വ. ബാബു പ്രസാദ് (കോൺഗ്രസ്): 53787, ടി കെ ദേവകുമാർ (സിപിഐ എം): 51901, എൻ ചിത്രാംഗതൻ(ബിജെപി): 2684. ഭൂരിപക്ഷം: 1886. 2011– രമേശ് ചെന്നിത്തല (കോൺഗ്രസ്): 67,878, ജി കൃഷ്‌ണപ്രസാദ് (സിപിഐ): 61,858, അജിത് ശങ്കർ (ബിജെപി): 8145. ഭൂരിപക്ഷം: 18621. 2016 – രമേശ് ചെന്നിത്തല (കോൺഗ്രസ്): 75,980, പി പ്രസാദ് (സിപിഐ): 57,359, ഡി അശ്വിനി ദേവ് (ബിജെപി): 12,985. ഭൂരിപക്ഷം: 18,621. 2021 – രമേശ് ചെന്നിത്തല (കോൺഗ്രസ്): 72768, ആർ സജിലാൽ (സിപിഐ): 59102, കെ സോമൻ (ബിജെപി): 17890. ഭൂരിപക്ഷം: 13,666.










0 comments