ശസ്‌ത്രക്രിയയ്‌ക്കിടെ മരിച്ച യുവതിയുടെ സംസ്‌കാരം നടത്തി
അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അച്ഛന്റെ പരാതി

ഹരിപ്പാട്
തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്കിടെ രക്തസ്രാവമുണ്ടായി യുവതി മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് അച്ഛൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കുമാരപുരം എരിക്കാവ് പഴയചിറ ശശി നിവാസിൽ ശശി–- ഗീത ദമ്പതികളുടെ മകൾ ധന്യ ശശിയാണ് (39) ഉദര ശസ്‌ത്രയ്‌ക്രിയക്കിടെ തിങ്കളാഴ്‌ച തട്ടാരമ്പലത്തെ വിഎസ്എം ആശുപത്രിയിൽ മരിച്ചത്. കീ ഹോൾ സർജറി നടത്തുമെന്നാണ് ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ സർജറിയിലുണ്ടായ അപാകതമൂലം ഞരമ്പ് മുറിഞ്ഞ് രക്തസ്രാവമുണ്ടായതോടെ ബന്ധുക്കളെ അറിയിക്കാതെ തുറന്ന ശസ്‌ത്രക്രിയ നടത്തുകയും അമിത രക്തസ്രാവമുണ്ടായാണ് ധന്യ മരിച്ചതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ധന്യയുടേത് അപൂർവ ഗ്രൂപ്പിൽപ്പെട്ട രക്തമായിട്ടും ശസ്‌ത്രക്രിയയ്‌ക്ക് മുമ്പായി രക്തം കരുതലായി സൂക്ഷിക്കുന്നതിലും ആശുപത്രി അധികൃതർ ഗുരുതരവീഴ്‌ചയുണ്ടാക്കിയെന്നും പരാതിയിലുണ്ട്. സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും അത്യന്തം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്നും ശശി പരാതിയിൽ ആവശ്യപ്പെട്ടു. ബന്ധുക്കൾ കടുത്ത പ്രതിഷേധമുയർത്തിയതോടെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ധന്യ ശശിയുടെ സംസ്‌കാരം ബുധൻ വൈകിട്ട് നാലിന് കുമാരപുരം എരിക്കാവ് പഴയചിറ ശശിനിവാസിലെ കുടുംബവീട്ടിൽ നടന്നു. ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയിൽ ചൊവ്വാഴ്‌ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബുധൻ രാവിലെ എട്ടിന് ബന്ധുക്കൾ ഏറ്റുവാങ്ങി ഭരണിക്കാവിലെ ഭർതൃവീട്ടിലെത്തിച്ചു. പൊതുദർശനത്തിനുശേഷം പകൽ ഒന്നിന് മൃതദേഹം ഏരിക്കാവിലെ കുടുംബവീട്ടിലെത്തിച്ചു. ദുബായിലായിരുന്ന ഭർത്താവ് രജീഷ് ചൊവ്വാഴ്‌ചയും സൗദിയിലായിരുന്ന ധന്യയുടെ അനുജത്തി ദീപ ബുധൻ രാവിലെയും വീട്ടിലെത്തിയിരുന്നു. വൻജനാവലിയാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഭർത്താവും ബന്ധുക്കളും മകൻ അഥർവും ധന്യക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകി.










0 comments