കൂട്ടുകാരന് രക്ഷകരായി സുഹൃത്തുക്കൾ

സുഹൃത്തായ പ്ലസ്‌വൺ വിദ്യാർഥി മുങ്ങിത്താഴ്‌ന്ന തോടിന് സമീപം രക്ഷകരായ ഷാരോണും മൈക്കിളും
തകഴി
തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ പ്ലസ്‌വൺ വിദ്യാർഥിയെ സുഹൃത്തുക്കൾ ജീവൻ പണയംവച്ച് രക്ഷപ്പെടുത്തി. പച്ച- ചെക്കിടിക്കാട് ലൂർദ് മാതാ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് കൂട്ടുകാരുടെ സമയോചിത ഇടപെടൽമൂലം അത്ഭുതകരമായി രക്ഷപ്പെട്ടത്. പച്ച പടിഞ്ഞാറേ കാട്ടുങ്കൽ സെബാസ്‌റ്റ്യൻ ജോസഫിന്റെ മകൻ ഷാരോൺ സെബാസ്‌റ്റ്യൻ, പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകൻ മൈക്കിൾ സി സിജോ എന്നിവരാണ് കൂട്ടുകാരന്റെ രക്ഷകരായത്. കഴിഞ്ഞദിവസം പന്തുകളിക്ക് ശേഷം സമീപത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു വിദ്യാർഥികൾ. നീന്തുന്നതിനിടെ ഒപ്പമുണ്ടായിരുന്ന വിദ്യാർഥി പെട്ടെന്ന് ആഴമേറിയ ഭാഗത്തേക്ക് മുങ്ങിത്താഴ്‌ന്നു. ഇത് കണ്ട് മൈക്കിൾ സി സിജോ ഉടൻ തന്നെ കുട്ടിയെ പിടിച്ചുവലിച്ച് കരയ്‌ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ ഒറ്റയ്‌ക്ക് സാധിച്ചില്ല. മറ്റ് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ഷാരോൺ സെബാസ്‌റ്റ്യൻ തോട്ടിലേക്ക് ചാടി മൈക്കിളിനൊപ്പം വിദ്യാർഥിയെ സാഹസികമായി കരയിലേക്ക് എത്തിക്കുകയുമായിരുന്നു. പച്ച അമർ ജവാൻ ട്രോഫി നടക്കുന്ന നട്ടയത്തിൽ കഴിഞ്ഞ വള്ളംകളി സീസണിൽ തോടിന് ആഴം കൂട്ടിയിരുന്നു. പരിചിതമല്ലാത്ത ഈ ആഴക്കയത്തിലേക്കാണ് വിദ്യാർഥി വീണത്. കുട്ടികളുടെ സമയോചിത രക്ഷാപ്രവർത്തനത്തെ നാട്ടുകാരും സ്‌കൂൾ അധികൃതരും അഭിനന്ദിച്ചു.










0 comments