ജിയോജിബ്രയിൽ ജ്യോമെട്രി ഭദ്രം
ഇ– ക്യൂബുണ്ട് ഉബുണ്ടുവുണ്ട് ഫ്രീയാണ്, സോഫ്‌ടാണ് പഠനം

കൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വതന്ത്രസോഫ്‍റ്റ്‍വെയര്‍ ദിനാചരണത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് കൊണ്ടുവന്ന ലാപ്ടോപ്പുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനെത്തിയ കുട്ടികൾ
ആലപ്പുഴ
ആലപ്പുഴയിൽ കൈറ്റ് സംഘടിപ്പിച്ച സ്വതന്ത്ര്യസോഫ്‍റ്റ്‍വെയര്‍ ദിനത്തിൽ ജില്ലാ ഓഫീസിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് രാവിലെ ആരംഭിച്ചു. സ്കൂളുകളിലെ 100 ലേറെ ലാപ്ടോപ്പുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. മറ്റ് സ്വതന്ത്ര വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളായ ഇ– ക്യൂബ്, ലാംഗ്വേജ് ലാബ്, അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയും ഇൻസ്റ്റാൾ ചെയ്തു. മികച്ച 50 വിദ്യാർഥികൾക്ക് ജ്യോമട്രി പഠനത്തിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിയോജിബ്രയില്‍ പ്രത്യേക പരിശീലനം നൽകി. സ്വതന്ത്ര ഹാർഡ്‌വെയറായ ആർഡിനോ അടിസ്ഥാനപ്പെടുത്തി റോബോട്ടിക്സ് പരിശീലനവും നൽകി. കൈറ്റ് സ്കൂളുകളിൽ വിതരണംചെയ്ത റോബോട്ടിക് കിറ്റുകളാണ് കുട്ടികൾ ഉപയോഗിച്ചത്. ആലപ്പുഴ കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ ക്ലാസുകൾ നയിച്ചു. കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്ര സോഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതുസമൂഹത്തിനും ലഭ്യമാകുന്നവിധം അടുത്ത ആഴ്ച ‘ലിറ്റില്‍ കൈറ്റ്സ്' ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.











0 comments