മീൻ കുറഞ്ഞു; പൊള്ളിച്ച് വില

ആലപ്പുഴ സക്കറിയ ബസാറിൽ വിൽക്കാൻ എത്തിച്ച മീനുകൾ

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:44 AM | 1 min read
ആലപ്പുഴ
ഇൗ ചൂടുകാലത്ത് കൈപൊള്ളുന്ന വിലയാണ് മീനിനും. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കടലിലും കായലിലും ചൂട് ക്രമാതീതമായി കൂടിയത് മീൻലഭ്യതയെ സാരമായി ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. താപനില ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ആഴക്കടലിലേക്ക് പോകുന്നതിനാൽ മീൻ കിട്ടാതെയാണ് പല വള്ളങ്ങളും കരയിലെത്തുന്നത്. പശ്‌ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് മണ്ണെണ്ണയ്‌ക്ക് വില കൂടിയ സാഹചര്യമാണ്. വള്ളവും വലയുമെടുത്ത് ചൂട് സഹിച്ച് കടലിൽ പോയാൽ എണ്ണക്കാശുപോലും മുതലാകാത്തതിനാലാണ് കൂടുതൽ പേരും മീൻപിടിത്തതിന് പോകാൻ തയ്യറാകാത്തത്. ചൂട് കടുത്തതോടെ കക്കയും ഉൾനാടൻമത്സ്യങ്ങളും കിട്ടാതായി. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ വരും ദിവസങ്ങളിലെങ്കിലും മീൻ നന്നായി ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷ. വിഷു കഴിഞ്ഞ് ദിവസങ്ങളായിട്ടും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ് മീൻവിപണി.
അയലയും കൊഞ്ചും നാമമാത്രം
പ്രാദേശിക തൊഴിലാളികൾക്ക് തദ്ദേശീയമായി കിട്ടുന്ന അയലയും കൊഞ്ചും പോലും ഇപ്പോൾ നാമമാത്രമായേ ലഭിക്കുന്നുള്ളൂ. നിലവിൽ അയക്കൂറ കിലോയ്‌ക്ക് 1100 രൂപ മുതൽ 1300 രൂപ വരെയാണ് വില. ആവോലിക്ക് 900, അയല- 280- – 300, മത്തി- വലുതിന് 260, ചെറുതിന് 100, ചെമ്മീൻ വലുതിന് 600, ചെറുത് 280 മുതൽ, കിളിമീൻ 280 – 300, തിരണ്ടി-, സ്രാവ് 300 – -400, കേര 300, കൂന്തൽ- 360–-400, ഞണ്ട് വലുതിന് 340 – 350 എന്നിങ്ങനെയാണ് വില. വലുപ്പത്തിനനുസരിച്ചും മൊത്തം, ചില്ലറ കച്ചവടത്തിനനുസരിച്ചും വിലയിൽ മാറ്റമുണ്ട്. ""ചൂടുകാലമായ ശേഷം എല്ലാവിധ മത്സ്യങ്ങൾക്കും 100 രൂപയ്‌ക്ക് മുകളിൽ വില വർധിച്ചിട്ടുണ്ട്, കടുത്ത ചൂടിൽ മീനുകളെല്ലാം തീരം വിടുകയാണ്, പ്രാദേശികമായി ലഭിക്കുന്ന വലിയ മത്തിയും ഇടത്തരം മത്തിയുമാണ് കൂടുതൽ ലഭിക്കുന്നത്, മറ്റുള്ള മീനുകളിൽ കൂടുതലും പുറത്തുനിന്ന് വരുന്നതാണ്, മീൻ ലഭ്യത വളരെ കുറവാണ്''– സക്കറിയ ബസാറിൽ മീൻ കച്ചവടം നടത്തുന്ന എച്ച് സുബൈർ പറഞ്ഞു. ഹോട്ടലുകളിൽ മത്സ്യവിഭവങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. മീൻ വിലയ്‌ക്കൊപ്പം ഗ്യാസ് ക്ഷാമം, വിറക് വിലവർധന എന്നിവയും വർധനയ്‌ക്ക് കാരണങ്ങളാണ്.










0 comments